കൊച്ചി: കൊച്ചി നഗരത്തില്‍ സ്‌ത്രീകള്‍ക്കെതിരെ കൂടി വരുന്ന അതിക്രമങ്ങള്‍ തടയാന്‍ കര്‍മ്മപരിപാടിയുമായി സിറ്റി പോലീസ്. സ്‌ത്രീ സുരക്ഷയ്‌ക്കായി വനിതാ ഷാഡോ പോലീസിനെ രംഗത്തിറക്കും.നഗരത്തില്‍ രാവും പകലും പ്രവര്‍ത്തിക്കുന്ന 400 ക്യാമറകള്‍ സജ്ജമാക്കാനും പോലീസ് പദ്ധതി തയ്യാറാക്കി.

ഒരു വര്‍ഷത്തിനിടെ 62 ബലാല്‍സംഘ കേസുകളും 162 പീഡനകേസുകളുമാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് സ്‌ത്രീകള്‍ക്കെതിരെ മെട്രോ നഗരത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കി സിററി പോലീസ് രംഗത്തെത്തിയത്. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന രഹിതമായ ക്യാമറകള്‍ക്ക് പകരം രാവും പകലും നഗരം സുരക്ഷാവലയിലാക്കാന്‍ 400 ക്യാമറകളും അനുബന്ധ സര്‍വ്വറുകളും വേണമെന്നാണ് കണ്ടെത്തല്‍.ഇത് വാങ്ങാനുളള തയ്യാറെടുപ്പിലാണ് പോലീസ്.

സ്‌ത്രീ സുരക്ഷയ്‌ക്കായി പിങ്ക് - കണ്‍ട്രോള്‍ റൂം പട്രോളിങ്ങുകള്‍ക്ക് പുറമെ വനിതാ ഷാഡോ പോലീസിനെ രംഗത്തിറക്കാനും റേഞ്ച് ഐജി പി വിജയന്‍ കര്‍മ്മപരിപാടി തയ്യാറാക്കി.പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കാനും തുടര്‍നടപടിയെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കും. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ഇല്ലാതാക്കാന്‍ പൗരസമൂഹത്തിന്റെ സജീവ പിന്തുണയും സഹകരണവും പോലീസ് തേടുകയാണ്. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങള്‍ക്കും ഉപരി പ്രശ്നപരിഹാരത്തിനാണ് പോലീസ് ശ്രമം.