കൊച്ചി: കേരള കോണ്‍ഗ്രസ് എം, യു ഡി എഫ് വിട്ടത് കൊച്ചി കോര്‍പ്പറേഷനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ യു ഡി എഫിന് ഭരണമുള്ള ഏക കോര്‍പ്പറേഷനാണ് കൊച്ചി. ഒരു ഭരണമാറ്റത്തിന് ഉടന്‍ സാധ്യതയില്ലെങ്കിലും കേരള കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിച്ചാല്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടി എല്‍ ഡി എഫിന് സ്വന്തമാക്കാന്‍ കഴിയും.

യുഡിഎഫ് 35, എല്‍ഡിഎഫ് 31, ബിജെപിക്ക് രണ്ട്, അഞ്ചു സ്വതന്ത്രര്‍, കേരള കോണ്‍ഗ്രസ് എം ഒന്ന് എന്നാണ് കൊച്ചി കോര്‍പ്പറേഷനിലെ കക്ഷിനില. സ്വതന്ത്രരുടെ കൂടെ പിന്തുണയോടെ ആണ് സൗമിനി ജെയിന്‍ മേയറായി ചുമതലയേറ്റത്. എന്നാല്‍, കേരള കോണ്‍ഗ്രസ് എം നഗരസഭയില്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടി എല്‍ഡിഎഫിനൊപ്പം വരും. നിലവില്‍ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലാറായ ജോണ്‍സണ്‍ മാഷിന്റെ കൂടെ പിന്തുണയോടെയാണ് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യുഡിഎഫ് നിലനിര്‍ത്തുന്നത്. ജോണ്‍സണ്‍ മാഷ് പിന്തുണ പിന്‍വലിച്ചാല്‍, യുഡിഎഫിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം നഷ്ടപ്പെടും.

ഉടനെ ഒരു അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാധ്യതയില്ലെങ്കിലും നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാന്‍ എല്‍ഡിഎഫ് ചരട് വലി തുടങ്ങിക്കഴിഞ്ഞു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ടി കെ അഷ്‌റഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കുകയും, കേരള കോണ്‍ഗ്രസ് വോട്ട് കൂടി ഉറപ്പിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ കൊച്ചി നഗരസഭ ഇടത്തേക്ക് ചായും.