കൊച്ചി: വേനൽ കടുത്തതോടെ കൊച്ചി നഗരത്തിൽ കുടിവെള്ളം മുട്ടാതിരിക്കാനുള്ള തത്രപാടിലാണ് വാട്ടർ അതോറിറ്റി. ഒരുദിവസം 48 കോടി ലിറ്റർ കുടിവെള്ളമാണ് കൊച്ചിക്കാവശ്യം. എന്നാൽ വിതരണം ചെയ്യാനാകുന്നത് 36 കോടി ലിറ്റർ വെള്ളം മാത്രം. കൃഷിയ്ക്ക് അടക്കമുള്ള ജലസേചനം കുറച്ചാണ് നഗരത്തിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ നദിയായ പെരിയാറാണ് കൊച്ചിയുടെ കുടിവെള്ള സ്രോതസ്. പെരിയാറിൽ വെള്ളത്തിന്‍റെ അളവ് ഓരോ ദിവസവും കുറയുന്നത് കൊച്ചിയെ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളി വിടുന്നു. പ്രതിദിനം 12 കോടി ലിറ്റർ വെള്ളത്തിന്‍റെ കുറവാണ് കൊച്ചിയിൽ അനുഭവപ്പെടുന്നത്.
പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ മുവാറ്റുപുഴയാറിൽ നിന്നുകൂടി വെള്ളം പന്പ് ചെയ്താണ് നഗരം ജലക്ഷാമത്തിലേക്ക് വീഴാതെ പിടിച്ച് നിൽക്കുന്നത്. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ പെരിയാറിൽ നിന്നുള്ള ജലസേചനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
പെരിയാറിലേക്ക് തള്ളുന്ന മാലിന്യത്തിന്‍റെ അളവ് പ്രതിദിനം വർദ്ധിക്കുന്നതും കുടിവെള്ള വിതരണം അവതാളത്തിലാക്കുന്നു. പെരിയാറിന്‍റെ തീരത്തുള്ള വലിയ കമ്പനികളും അറവ് ശാലകളും ടൺകണക്കിന് മാലിന്യമാണ് ഓരോദിവസും പെരിയാറിൽ നിക്ഷേപിക്കുന്നത്.
