ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട മേല്‍പാല നിര്‍മ്മാണവും ഡിഎംഐര്‍സി തയ്യാറാക്കിയ രൂപരേഖയുമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഗണിച്ചത്. തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കേണ്ടത് നാല് മേല്‍പാലങ്ങള്‍. 2.17 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം 163 കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണം . ആകെ 272 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ഡിഎംആര്‍സി തയ്യാറാക്കിയിട്ടുള്ളത്.
കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന് സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കാനാണ് ധാരണ. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും. ബജറ്റില്‍ അടിസ്ഥാന സൗകര്യം വികസനത്തിന് നീക്കിവച്ച തുക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം. ലൈറ്റ് മെട്രോക്ക് വേണ്ട കേന്ദ്രാനുമതി നേടിയെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് യോഗത്തില്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേന്ദ്ര നഗരവികസന വകുപ്പ് ചോദിച്ച വിശദീകരണങ്ങള്‍ കേരളം യഥാസമയം ലഭ്യമാക്കിയില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ചും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
