ദില്ലി: കൊച്ചി കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശിൽ നിന്ന് എത്തിയവരാണ്. ബംഗാൾ കേന്ദ്രീകരിച്ചുള്ള പതിനൊന്നംഗമാണ് കൊച്ചിയിൽ കവർച്ച നടത്തിയതെന്നും ബംഗ്ലാദേശിൽ നിന്നുള്ളവർ വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്പാണ് ബംഗാളിൽ താമസമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടു. കൊച്ചി പൊലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ രക്ഷപെട്ടത്. ഇവരെ കണ്ടെത്താൻ ബോർഡർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ചാണ് ഇവര്‍ കവർച്ച നടത്തുന്നത്. ക്യത്യത്തിനു ശേഷം ട്രെയിനിൽ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

അതേസമയം പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചതായി പൊലീസിന് വ്യക്തമായി. ആക്രി പെറുക്കാനെന്ന പേരിലെത്തിയ ബംഗാളിൽ നിന്നുള്ള സംഘമാണ് സഹായിച്ചതെന്നാണ് വ്യക്തമായത്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെയും ചോദ്യം ചെയ്തു വരികയാണ്. കവർച്ച ചെയ്ത സ്വർണാഭരണങ്ങളിൽ ചിലത് ഇവരിൽനിന്നു കണ്ടെടുത്തിരുന്നു. ഡൽഹിയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.