കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച കവർച്ചാ പരമ്പരയിൽ ഉൾപ്പെട്ട ഒരാൾ കൂടി പിടിയിലായി. മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകൻ ഷമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. ദില്ലിയിൽ വച്ച് പിടികൂടിയ 3 പ്രതികളെ കൊച്ചിയിലെത്തിച്ചു.
ഡിസംബർ 15ന് പുലർച്ചെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇസ്മയിലിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. പിറ്റേന്ന് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് കുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തി വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ സ്വർണവും ഇരുപതിനായിരം രൂപയുമാണ് സംഘം കവർന്നത്. കവർച്ചയ്ക്കൊടുവിൽ സമീപത്തെ റെയിൽവെ ട്രാക്ക് വഴി രക്ഷപ്പെട്ട സംഘത്തെ തേടി നിരവധി സിസിടിവി ദൃശ്യങ്ങളും ഒരു കോടിയോളം ഫോൾ കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിനൊടുവിൽ കിട്ടിയ വിവരങ്ങളാണ് ദില്ലി സംഘത്തിലേക്ക് പൊലീസിനെ നയിച്ചത്.
