കൊച്ചി: നഗരത്തെ നടുക്കിയ കവർച്ചാ പരമ്പരയിലെ പ്രതികൾക്ക് പ്രാദേശിക സഹായം നൽകിയവരെ തേടി പൊലീസ്.പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന 6 ഇതര സംസ്ഥാനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കേസിൽ അറസ്റ്റിലായ മൂന്ന് പേരെ നാളെ പുലർച്ചെ കൊച്ചിയിലെത്തിക്കും.
എറണാകുളം ചളിക്കവട്ടത്തെ കുപ്പി കമ്പനിയെന്ന സ്ഥലം. ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്ന അന്യസംസ്ഥാനക്കാരുടെ താവളം..2 വർഷത്തിലേറെയായി ഇവിടുത്തെ സ്ഥിരതാമസക്കാരായ ആക്രി കച്ചവടക്കാരിലേക്കാണ് അന്വേഷണസംഘം സംശയമുന നീട്ടുന്നത്.മോഷണസംഘത്തിന് ഇവർ സഹായം നൽകിയെന്നാണ് പൊലീസ് ഭാഷ്യം. കച്ചവടക്കാർ എന്ന വ്യാജേന ഇവർക്കൊപ്പം മോഷ്ടാക്കൾ കൂടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയും പകലുമില്ലാതെ നിരത്തിലിറങ്ങുന്ന ഇവിടുത്തെ കച്ചവടക്കാരെ പറ്റി നാട്ടുകാർക്കും സംശയങ്ങളേറെ.
സംഭവവുമായി ബന്ധപ്പെട്ട് താമസക്കാരായ ആറ് കച്ചവടക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ദില്ലിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിൽ എത്തിച്ച ശേഷം ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.ഇതു വഴി മോഷണത്തിന് സഹായം നൽകിയ മറ്റ് പ്രാദേശിക സംഘങ്ങളെയും കണ്ടെത്താനാണ് ശ്രമം. അതേ സമയം മോഷണ പരമ്പരയിലെ മുഖ്യസൂത്രധാരനായുള്ള അന്വേഷണം തുടരുകയാണ്.ഇയാൾക്കായി ബംഗാൾ ,ദില്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
