ഇറാനുമായുള്ള സംഘർഷം മൂലം എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് നേട്ടമാണെന്ന് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഹോർമുസ് കടലിടുക്കിലെ സ്തംഭനം ലോകത്തെ വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനെ നിസാരവൽക്കരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. എണ്ണവില വർദ്ധിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ അമേരിക്കയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നാണ് ട്രംപിന്‍റെ വാദം. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ്. അതുകൊണ്ട് തന്നെ എണ്ണവില കൂടുമ്പോൾ നമ്മൾ വലിയ ലാഭമുണ്ടാക്കുന്നു. എന്നാൽ അതിനേക്കാളേറെ എനിക്ക് പ്രാധാന്യമുള്ളത് ഇറാന്‍റെ ആണവ പദ്ധതികൾ തടയുന്നതിലാണ്. മധ്യേഷ്യയെയും ലോകത്തെയും നശിപ്പിക്കാൻ ഇറാനെ ഞാൻ അനുവദിക്കില്ല' ട്രംപ് കുറിച്ചു. ഈ യുദ്ധം ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണെന്നും ഇറാന്‍റെ ഭീഷണി ഇല്ലാതാകുന്നതോടെ വില താനേ താഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി
അതേസമയം, ഹോർമുസ് കടലിടുക്കിലെ സ്തംഭനം മൂലം ലോകം ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ തങ്ങളുടെ പക്കലുള്ള 40 കോടി ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ ഐഇഎ തീരുമാനിച്ചു. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് പല വികസ്വര രാജ്യങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിന്‍റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ഏജൻസി വ്യക്തമാക്കി.


