മുഖ്യപ്രതി കനകരാജിന്‍റെ മരണത്തോടെയാണ് കോടനാട്ടെ കൊലപാതകക്കേസിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നത്. ഇന്നലെ രാത്രി സേലത്ത് വച്ചാണ് കനകരാജ് വാഹനാപകടത്തില്‍ മരിക്കുന്നത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടനാട് എസ്റ്റേറ്റിലെ സുരക്ഷ ജീവനക്കാരന്‍ ഓം ബഹദൂര്‍ കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെരെഞ്ഞിരുന്ന പ്രധാനിയായിരുന്നു സേലം സ്വദേശി 36 കരാനായ കനകരാജ് . ഇതിനിടെയാണ് ഇയാല്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. സേലത്തിനടുത്ത് ആത്തൂരില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സേലത്തിനടുത്ത് തലൈവാസല്‍ എന്ന സ്ഥലത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴി എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നുവെന്നും അതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

സേലം ഉദുനൂര്‍പേട്ട് ദേശീയ പാതയില്‍ വച്ച് കര്‍ണാടക രജിസ്ട്രേഷനുള്ള കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ബംഗലൂരുവില്‍ നിന്ന് സേലത്തേക്ക് വന്ന കാറാണ് ബൈക്കുമായി ഇടിച്ച് അപകടമുണ്ടായത്. കനകരാജിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കനകരാജ് മദ്യപിച്ചാണ് വാഹമോടിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കാറിന്‍റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

ഉച്ചക്ക് ശേഷം കനകരാജിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നാല് വര്‍ഷം മുമ്പ് കോടനാട് എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. എന്നാല്‍ ജയലളിതയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. എന്നാല്‍ അതിനു ശേഷവും പല തവണ ഇയാള്‍ എസ്റ്റേറ്റില്‍ വന്ന് പോയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. എസ്റ്റേറ്റിലെ മോഷണം ആസൂത്രണം ചെയ്തതില്‍ കനകരാജിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.