മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പരപ്പനങ്ങാടി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. സഹോദരി ഭർത്താവ് അടക്കം 15 പേർക്കെതിരെയാണ് കുറ്റപത്രം. മതം മാറിയതാണ് ഫൈസലിനെ കൊലപ്പെടുത്താൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്‌ണൻ നായർ – പുല്ലാണി മീനാക്ഷി ദമ്പതികളുടെ മകൻ അനിൽകുമാർ എന്ന ഫൈസൽ (32) കൊല്ലപ്പെട്ടത്. താനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോയിൽ പോവുകയായിരുന്ന ഫൈസൽ, ഫാറൂഖ് നഗർ അങ്ങാടിയിലാണ് വെട്ടേറ്റു മരിച്ചത്. ഫൈസൽ കുടുംബസമേതം മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

