തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാനടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചോദ്യപേപ്പര്‍ പ്രശ്‌നത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇതിനിടെ വിവാദ ചോദ്യങ്ങള്‍ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളില്‍ നിന്നും പത്രപംക്തികളില്‍ നിന്നും തെരഞ്ഞെടുത്തതാണെന്നറിയിച്ച് മെറിറ്റ് സ്ഥാപനത്തിന്റെ ഉടമ രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ് എസ് എല്‍ സി പരീക്ഷ നടത്തിപ്പിനെ നിശിതമായി വിമര്‍ശിച്ച ഇടത്പക്ഷം ചോദ്യപേപ്പര്‍ വിവാദത്തോടെ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി പി ഐ എം സംസ്ഥാനസെക്രട്ടറിയുടെ കുറ്റസമ്മതം.
അതേസമയം ചോദ്യപേപ്പര്‍ വിവാദത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശേഷം പോലീസ് അന്വേഷണവും നടന്നേക്കും. ഇതിനിടെ മെറിറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്നറിയിച്ച് തിരൂര്‍ സി പി പി എം എച്ച് എസ് എസിലെ അധ്യാപകന്‍ കെ എസ് വിനോദിന്റെ അച്ഛന്‍ കെ ആര്‍ ശ്രീധരന്‍ രംഗത്തത്തി. എസ് എസ് എല്‍ സി പൊതുപരീക്ഷയില്‍ ചോദ്യം തയ്യാറാക്കിയ അധ്യാപകരെ പരിചയമില്ലെന്നും, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളില്‍ നിന്നും, പത്രപംക്തികളില്‍ നിന്നുമാണ് മെറിറ്റ് ചോദ്യം തയ്യാറാക്കിയതെന്നും കെ ആര്‍ ശ്രീധരന്‍ പറയുന്നു.
ചോദ്യപേപ്പര്‍ പ്രശ്‌നത്തില്‍ കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും, എം എസ് എഫ് കോഴിക്കോട് കളട്‌കേറ്റിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. രണ്ടിടത്തും പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ അഷ്‌റഫ് എന്ന കെ എസ് യു പ്രവര്‍ത്തകന് പരിക്കേറ്റു.
