Asianet News MalayalamAsianet News Malayalam

കൊലപാതകികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി; 'മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം'

പാര്‍ട്ടി നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ സമീപനത്തിനും വിരുദ്ധമായ കാര്യമാണ് കാസര്‍കോട് ഉണ്ടായത്. എന്ത് സംഭവം നടന്നാലും എന്തിന്‍റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാൻ പാടില്ല, അത് പ്രാകൃത നിലപാടാണ്. 

kodiyeri balakrishnan reacts on kasaragode murder
Author
Trivandrum, First Published Feb 18, 2019, 12:50 PM IST

തിരുവനന്തപുരം: എന്തെല്ലാം പ്രകോപനമുണ്ടായാലും നടക്കാൻ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ മുൻകയ്യെടുത്ത് അക്രമസംഭവങ്ങളിൽ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്ത് സംഭവം നടന്നാലും എന്തിന്‍റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാൻ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്കാരം പാര്‍ട്ടി ഉപേക്ഷിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തിൽ നടന്ന അക്രമം എതിരാളികൾക്ക് ആയുധമാകുകയാണ് ചെയ്തത്. അക്രമികൾ എതിരാളികളുടെ കയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

സമാധാനം പുലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി എടക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിന്റെ യാതൊരു വിധ സംരക്ഷണവും പ്രതികൾക്ക് കിട്ടില്ല. അക്രമമല്ല വഴിയെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ സമീപനത്തിനും വിരുദ്ധമായ കാര്യമാണ് കാസര്‍കോട് ഉണ്ടായത്.  

സാധാരണഗതിയിൽ സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് ഇടത് മുന്നണി ജാഥ കടന്ന് പോന്നതിന് തൊട്ടുപിന്നാലെ ഇത്തരമൊരു സംഭവം ചെയ്യാനാകില്ല. എന്നിട്ടും ഇത്തരമൊരു സംഭവം നടന്നെങ്കിൽ അതിൽ ഉൾപ്പെട്ടവര്‍ സിപിഎമ്മിന്റെയോ ഇടത് രാഷ്ട്രീയത്തിന്റെയോ ആശയങ്ങൾ ഉൾക്കൊള്ളാനായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാത്ത ഇത്തരക്കാരെ അംഗീകരിക്കാൻ സിപിഎമ്മിനും കഴിയില്ല.  പ്രസ്ഥാനം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അക്രമികളെ ഒരു കാരണവശാലും ന്യായീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം. പ്രതികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കാതെ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍  പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കണം. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പാര്‍ട്ടിയും അന്വേഷിക്കും. കര്‍ശന നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios