വര്‍ഗ്ഗീയ ശക്തികളാണ്‌ ക്യാമ്പസുകളില്‍ അക്രമം വ്യാപിപ്പിക്കുന്നത്‌ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കൊടിയേരി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാര് കുത്തിക്കൊലപ്പെടുത്തിയതില് ശക്തമായ പ്രതിഷേധമുയര്ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിദ്യാര്ത്ഥി രംഗത്തു നിന്നും ഒറ്റപ്പെട്ട തീവ്രവാദ ശക്തികള് അക്രമം നടത്തി ഭീതിപരത്തി വിദ്യാര്ത്ഥികളെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
വിവിധതലത്തില് പ്രവര്ത്തിക്കുന്ന വര്ഗ്ഗീയ ശക്തികളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്യാമ്പസുകളില് അക്രമം വ്യാപിപ്പിക്കുന്നത്. ആര്.എസ്.എസ്സും, എസ്.ഡി.പി.ഐയും എസ്.എഫ്.ഐ പ്രവര്ത്തകര്ക്കു നേരെ നടത്തുന്ന അക്രമപരമ്പരകളുടെ ഭാഗമാണ് ഈ സംഭവം. കോളേജ് ക്യാമ്പസുകളില് ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം. അത്യന്തം പ്രതിഷേധാര്ഹമായ ഈ സംഭവം നടത്തിയ അക്രമികളെ ഒറ്റപ്പെടുത്താന് ജനങ്ങളാകെ മുന്നോട്ടു വരണം. ഇതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില് ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ രണ്ടാംവര്ഷ കെമിസ്ട്രി വിദ്യാര്ത്ഥിയുമായ അഭിമന്യുവിനെ തിങ്കളാഴ്ച പുലര്ച്ചെ കോളേജിനകത്ത് കയറി ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്ത്തകര് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. ആസൂത്രിതമായാണ് അഭിമന്യുവിനെ എസ്.ഡി.പി.ഐ ക്കാര് കൊലപ്പെടുത്തിയത്. ഒരാള് പിന്നില് നിന്ന് പിടിച്ച് നിര്ത്തുകയും, മറ്റൊരാള് കത്തികൊണ്ട് നെഞ്ചില് കുത്തുകയുമായിരുന്നു. അഭിമന്യു തത്ക്ഷണം മരിച്ചു.
