കര്‍ക്കിടകമാസത്തെ ആര്‍എസ്‌എസ്‌ ദുര്‍വിനിയോഗം ചെയ്യുന്നു പ്രചരങ്ങളിൽ കുടുങ്ങിപ്പോകാതെ ജനങ്ങൾ നോക്കണം
തിരുവനന്തപുരം: സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില് വിവിധ മാധ്യമങ്ങള് നടത്തുന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാമായണമാസം എന്ന നിലയില് കര്ക്കിടകമാസത്തെ ആര്എസ്എസ് സംഘപരിവാരം വര്ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്വിനിയോഗം ചെയ്തു വരികയാണെന്ന് കോടിയേരി പറഞ്ഞു.
ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്കിയിട്ടുള്ള സംസ്കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്. ഈ സംഘടന സിപിഎം'ന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്.
ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള് കര്ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസ്സിലാക്കുന്നത്. അത് കര്ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഐ എം'നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങള് ശ്രമിക്കുന്നത്. ഇത്തരം പ്രചരങ്ങളിൽ കുടുങ്ങിപ്പോകാതെ ജനങ്ങൾ വസ്തുതകൾ മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
