കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്ര വിവാദത്തില്‍. കോഴിക്കോട് കൊടുവള്ളിയിലെത്തിയ യാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന ആരോപണവുമായി ലീഗും ബി.ജെ.പിയും രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

കൊടുവള്ളിയില്‍ കോടിയേരിയെ സ്വീകരിച്ചത് പൊണ്ടിച്ചേരി രജിസ്റ്റേഷനിലുള്ള ബി.എം.ഡബ്ല്യൂ മിനി കൂപ്പര്‍ കാറിലാണ്. രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം ഈ വാഹനം ഫൈസല്‍ കാരാട്ട് എന്നയാളുടേതാണ്. ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കോഫേപോസെ ചുമത്തപ്പെട്ട് അറസ്റ്റിലായ ആളാണ് കാരാട്ട് ഫൈസല്‍. ഡി.ആര്‍.ഐയുടെ അന്വേഷണവും ഇയാള്‍ നേരിട്ടിരുന്നു. കോടിയേരി ബാലകൃഷ്ണനൊപ്പം കാറില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും ഉണ്ടായിരുന്നു.

സ്വീകരണ സ്ഥലത്ത് നിന്ന് യോഗം നടക്കുന്നിടത്തേക്ക് കാരാട്ട് ഫൈസലിന്‍റെ വാഹനത്തില്‍കോടിയേരി യാത്ര ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നാണ് ബി.ജെ.പിയും ലീഗും ആവശ്യപ്പെട്ടു. സ്വര്‍ണ്ണ കടത്ത് കേസില്‍ അറസ്റ്റിലാകുന്ന സമയം വാഹന ഉടമയായ കരാട്ട് ഫൈസല്‍ കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്നു. സംഭവത്തോട് സി.പി.എം പ്രതികരിച്ചിട്ടില്ല. എന്തായാലും ജനജാഗ്രതാ യാത്രക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനം പ്രാദേശിക പാര്‍ട്ടി ഘടകമാണ് തയ്യാറാക്കിയതെന്നും ആരുടേതാണെന്ന് താന്‍ അന്വേഷിച്ചില്ലെന്നുമാണ് കോടിയേരി പ്രതികരിച്ചത്.