കോഴിക്കോട്: കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ കാരാട്ട് ഫൈസലിനെ ന്യായീകരിച്ച് സിപിഎം പ്രാദേശിക നേതൃത്വം. ഫൈസല്‍ തന്റെ ബന്ധുവാണെന്ന് വെളിപ്പെടുത്തിയ പിടിഎ റഹീം എംഎല്‍എ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറിന്റെ കാര്യം പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കാര്‍ യാത്ര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൊടുവളളിയില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഇടതുമുന്നണിയുടെ പ്രാദേശിക നേതാക്കള്‍ ഒന്നടങ്കം ആരോപണ വിധേയനായ കാരാട്ട് ഫൈസലിന് പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്.
പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറിന്റെ കാര്യം പറഞ്ഞ് ആരും ഭയപ്പെടുത്തേണ്ടെന്നും ജിഎസ്ടി വരുംമുന്പ് പലരും ഇങ്ങനെ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു പിടിഎ റഹീമിന്റെ വാദം. ഒരാളുടെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞ് അയാള്‍ക്ക് മറ്റൊന്നും പാടില്ലെന്നുണ്ടോയെന്നും റഹീം ചോദിച്ചു.
വിവാദം യാത്രയ്ക്ക് കോട്ടമുണ്ടാക്കിയില്ലെന്നു പറഞ്ഞ എളമരം കരീം മുസ്ലിം ലീഗിനെ കടന്നാക്രമിച്ചു. കാരാട്ട് റസാഖിനെ വഴിയില്‍ തടഞ്ഞാല്‍ ഇനി നോക്കി നില്‍ക്കില്ല. മാറാട് കലാപത്തിലെ സിബിഐ കേസില്‍നിന്ന് രക്ഷപ്പെടാനാണ് ലീഗ് നേതാവ് മായിന്‍ ഹാജി ബിജെപിയുമായി കൂട്ടു ചേരുന്നതെന്നും എളമരം കരീം ആരോപിച്ചു.
അതേസമയം, കാര്‍ യാത്രാ വിവാദത്തില്‍ താഴെ തട്ടില്‍ പാളിച്ച പറ്റിയതായി സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തിയ പശ്ചാത്തലത്തില്‍ താമരശേരി ഏരിയാ കമ്മറ്റി ഇന്ന് വിഷയം ചര്‍ച്ച ചെയ്തു. അതിനിടെ, കോടിയേരി യാത്ര ചെയ്ത കാരാട്ട് ഫൈസലിന്റെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുളള വാഹനം നികുതി വെട്ടിച്ചതായുളള പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കൊടുവളളി നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി.മജീദ് മാസ്റ്ററാണ് പരാതി നല്‍കിയത്.
