കണ്ണൂര്‍: ജിഷ്‌ണു കേസുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജിഷ്‌ണുകേസില്‍ സര്‍ക്കാരിന് വീഴ്‌ച ഉണ്ടായിട്ടില്ല. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നിരോധിച്ചത് ആന്റണി സര്‍ക്കാരാണ്. അതിനുശേഷം അവിടെ സമരം നടന്നിട്ടില്ലായിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജിഷ്‌ണുവിന്റെ കുടുംബത്തിന് ചില പരാതികളുണ്ടായിരുന്നു. അത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ അതിന് ശേഷം എന്തെങ്കിലും ആക്ഷേപമുണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് പകരം ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോകുകയായിരുന്നു. ആ സമരം ചിലര്‍ മുതലെടുക്കുകയുമായിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യം ഇടത് നേതാക്കള്‍ സൃഷ്‌ടിക്കാന്‍ പാടില്ല. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്നും കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണിക്കകത്തോ ഉഭയകക്ഷി ചര്‍ച്ചയോ നടത്തി പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇടതു മുന്നണിയിലും വലതുമുന്നണിയിലും പ്രവര്‍ത്തിച്ച് അനുഭവ പരിചയമുള്ള സിപിഐയ്‌ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് മുന്നണിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഇടതുമുന്നണി ശക്തിപ്പെടുത്തുന്ന നിലപാടുകളുമായി യോജിച്ച് മുന്നോട്ടുപോകാനാണ് സിപിഐയും സിപിഐഎമ്മും ശ്രമിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി രമണ്‍ ശ്രീവാസ്‌തവയെ നിയമിച്ചതില്‍ യാതൊരു അപാകതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാറില്‍ കൈയേറ്റവും അനധികൃത നിര്‍മ്മാണവും തടയണം

മൂന്നാറിനെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. 1977ന് മുമ്പ് ഇടുക്കിയില്‍ കുടിയേറി താമസിക്കുന്നവര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന് കോടിയേരി പറഞ്ഞു. ഇതാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും പാര്‍ട്ടിയുടെയും നിലപാട്. പട്ടയം ഇല്ലാത്ത കൃഷികാര്‍ക്ക് ഒരു വര്‍ഷത്തിനകം അത് ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അനധികൃതമായ ഒരു നിര്‍മ്മാണവും കൈയേറ്റവും അനുവദിക്കാന്‍ പാടില്ലെന്നതാണ് സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. കൈയേറ്റം ഒഴിപ്പിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ തടയാന്‍ പാടില്ലെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. കൈയേറ്റ ഭൂമിയിലെ ഷെഡ് പൊളിച്ചുമാറ്റാന്‍ സിപിഐഎമ്മാണ് മുന്നില്‍നിന്നത്. എന്നാല്‍ കൈയേറ്റത്തിന് ഒത്താശ ചെയ്തത് സിപിഐഎം ആണെന്ന പ്രചാരണമാണ് പിന്നീട് ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ ക്യാംപ് ചെയ്യുകയായിരുന്നു. പരിശോധനയ്‌ക്ക് പോയ പൊലീസ് സംഘത്തിനെതിരെ അവര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്നത് വെറും പ്രചാരണമാണെന്നും കോടിയേരി പറഞ്ഞു. നക്സലൈറ്റ് വര്‍ഗീസ് സംഭവം, മുത്തങ്ങ സംഭവം എന്നിവയില്‍നിന്ന് വ്യത്യസ്തമാണ് നിലമ്പൂരിലുണ്ടായതെന്നും കോടിയേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ പ്രചരണം വസ്‌തുതാപരമല്ല.

വര്‍ഗീസ് സത്യവാങ്മൂലം തിരുത്തണം

വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തിരുത്തണമെന്ന അഭിപ്രായമാണ് സിപിഐഎമ്മിനുള്ളത്. മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം യുഎപിഎയ്‌ക്ക് എതിര്

സിപിഐഎം യുഎപിഎയ്‌ക്ക് എതിരാണെന്ന് കോടിയേരി പറഞ്ഞു. യു എ പി എ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന നിലപാടാണ് സിപിഐഎമ്മിന് ഉള്ളത്. ഇടതു സര്‍ക്കാര്‍ യു എ പി എ നിയമം ദുരുപയോഗം ചെയ്യില്ല. ഈ നിയമം ആദ്യമായി കൊണ്ടുവന്നപ്പോള്‍ അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉള്‍പ്പടെ ഈ നിയമം പ്രയോഗിച്ചപ്പോള്‍, അതിനെതിരെ സി പി ഐ എം രംഗത്തുവന്നിരുന്നുവെന്നും കോടിയേരി പറഞ്ഞു.

വിവരാവകാശ നിയമം

വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്‌ത് വ്യക്തത വരുത്താവുന്നതേ ഉള്ളുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ശത്രുവര്‍ഗത്തിന് ആയുധം നല്‍കരുത്

കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ എടുത്ത് സര്‍ക്കാരിനെതിരെയും മുന്നണിക്കെതിരെയും ആയുധമാക്കാനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചതെന്ന് കോടിയേരി പറഞ്ഞു. ഇടതുമുന്നണി ശക്തമാകുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സി പി ഐ എമ്മും സി പി ഐയും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുയെന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അവ തുറന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. രാഷ്‌ട്രീയ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കുന്നതിലും ആശയ വ്യക്തത വരുത്തുന്നതിലുമുള്ള അവകാശം മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കുമുണ്ട്. എന്നാല്‍ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമായി പറയുമ്പോള്‍ അത് ഭരണത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

കൊല്ലത്തെ സരസന്‍ സംഭവം ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കുക

1980കളില്‍ സരസന്‍ എന്നൊരാളെ കൊലപ്പെടുത്തി കത്തിച്ചുവെന്ന മാധ്യമങ്ങളുടെയും കോണ്‍ഗ്രസിന്റെയും പ്രചരണത്തിനൊപ്പം സിപിഐ പോയ കാര്യം മറക്കരുതെന്ന് കോടിയേരി പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയായ കാര്യവും കോടിയേരി ഓര്‍മ്മപ്പെടുത്തി. തങ്ങളേക്കാള്‍ ഭരണ പരിചയമുള്ളവരാണ് സി പി ഐ എന്ന് കോടിയേരി പറഞ്ഞു. കേരളത്തില്‍ തങ്ങളേക്കാള്‍ 10 വര്‍ഷം കൂടുതല്‍ അവര്‍ ഭരിച്ചിട്ടുണ്ട്.. ഇടതു മുന്നണിയിലും ഐക്യ മുന്നണിയിലും അവര്‍ ഭരണത്തിലുണ്ടായിട്ടുണ്ട്. രണ്ട് മുന്നണിയിലും മാറി മാറി ഭരണപരിചയമുള്ള ആളുകളെന്ന നിലയ്ക്ക് ഭരണത്തെക്കുറിച്ച് അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും കോടിയേരി പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണപ്പറഞ്ഞുകൊണ്ടാണ് കോടിയേരി വാര്‍ത്താസമ്മേളനം തുടങ്ങിയത്. അഴിമതിരഹിത ഭരണം തുടങ്ങാനായത് സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ആര്‍ എസ് എസിന്റെ ശ്രമം. ഇതിനായി പല നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരില്‍ ചിലരെ ഇതിനായി ആര്‍ എസ് എസ് ഉപയോഗിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കൂടാതെ പൊതുജനങ്ങളെ സര്‍ക്കാരില്‍നിന്ന് അകറ്റുന്ന നടപടികളും കേന്ദ്രം സ്വീകരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് റേഷന്‍ വെട്ടിക്കുറക്കുന്ന നിലപാടെന്നും കോടിയേരി പറഞ്ഞു.