മിച്ചഭൂമി ആര് കൈവശം വച്ചാലും തിരിച്ചുപിടിക്കുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ നയം അതാണെന്നും കോടിയേരി  കോഴിക്കോട് വ്യക്തമാക്കി. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

കോഴിക്കോട്: മിച്ചഭൂമി ആര് കൈവശം വച്ചാലും തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ നയം അതാണെന്നും കോടിയേരി കോഴിക്കോട് വ്യക്തമാക്കി. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. 

അതേസമയം, മിച്ച ഭൂമി കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ തിരുവമ്പാടി എംഎൽഎ ജോർജ്ജ് എം തോമസിന് നോട്ടീസ് ലഭിച്ചു. അടുത്ത മാസം 27ന് ഹാജരാകണമെന്നാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലുള്‍പ്പെട്ട എംഎല്‍എയുടെ സഹോദരങ്ങള്‍ക്കും നോട്ടീസയച്ചു. ഇന്നലെയാണ് ലാന്‍ഡ് ബോര്‍ഡ് നോട്ടീസയച്ചത്. പതിന്നാല്‍ വര്‍ഷമായി മുടങ്ങികിടന്ന നടപടികളാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ പുനരാരംഭിച്ചിരിക്കുന്നത്. കേസിൽപ്പെട്ട ഭൂമി ഒഴവിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഭൂമി വാങ്ങിയവർ ലാൻഡ് ബോർഡിനെ സമീപിച്ചതിന്‍റെ രേഖകൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. 

കൊടിയത്തൂർ വില്ലേജിൽ ജേർജ്ജ് എം തോമസ് എംഎൽഎയും സഹോദരങ്ങളും കൈവശം വച്ച 16. 4 ഏക്കർ മിച്ചഭൂമി തിരിച്ചു പിടിക്കാനാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. 1976 മുതൽ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇക്കാലളവിൽ ലാൻഡ് ബോർ‍ഡിനെ ചോദ്യം ചെയ്ത് കേസിൽപ്പെട്ടവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് അധിക ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. ലാൻഡ് ബോർഡ് ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്ന 158 ബാർ 2 സർവ്വേ നന്പരിൽ പെട്ട 5.77 ഏക്കർ ഭൂമി 1984 ൽ മൂന്ന് കുടുംബങ്ങൾക്ക് വിറ്റതായാണ് രേഖകൾ. 2000 ൽ അധിക ഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിട്ടതോടെ ഭൂമി വാങ്ങിയവർ വെട്ടിലായി. തങ്ങൾ വാങ്ങിയ ഭൂമി കേസുകളിൽ നിന്നൊഴിവാക്കമെന്നാവശ്യപ്പെട്ട് ഭൂ ഉടമകൾ ലാൻഡ് ബോർഡിനെ സമീപിച്ചതിന്‍റെ രേഖയാണിത്. മിച്ച ഭൂമി ആണെന്നറിയില്ലെന്നാണ് വാദമെങ്കിലും ലാൻഡ് ബോർഡ് ഇത് തള്ളി.

തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരെ കേൾക്കേൻ കോടതി ലാൻഡ് ബോർഡിന് നിർദ്ദേശം നൽകി. എന്നാൽ എംഎൽഎ ഉൾപ്പെട്ട കേസ് ഇനിയും തീർപ്പായിട്ടില്ല. ഭൂമി വാങ്ങിയവരെ സമീപിച്ചപ്പോൾ കേസിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു പ്രതികരണം.