കൊടുങ്ങല്ലൂര്‍: വ്യാപാരിയുടെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും തീവെച്ചു നശിപ്പിച്ചു. വാഹനം കത്തിയപ്പോള്‍ ഉയര്‍ന്ന തീയില്‍ വീടിന്റെ ചുമരുകളും മുന്‍ഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. കാറും ഒരു സ്‌കൂട്ടറും പൂര്‍ണമായും കത്തിനശിച്ചു. ഒരു ബൈക്കിന് ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ ബ്രദേഴ്‌സ് ഫുട്വെയര്‍ ഉടമ പോക്കാക്കില്ലത്ത് പി.കെ. കുഞ്ഞുമൊയ്തീന്‍കുട്ടിയുടെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീവെച്ചത്. മോഡേണ്‍ ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. തീ ആളിക്കത്തിയതോടെ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു.
ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ തീ ആളിക്കത്തുന്നതായാണ് കണ്ടത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തിലും വീടിന്റെ മുന്‍ഭാഗത്തും പെട്രോള്‍ ഒഴിച്ച് കത്തിച്ചത് കാരണം തീയണയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയതിന് ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന് സമീപത്തുനിന്ന് ആളില്ലാത്ത നിലയില്‍ കണ്ടെത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഹെല്‍മെറ്റും കറുത്ത കോട്ടും ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ വീടിന് സമീപത്തുനിന്ന് പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ചമുമ്പ് പറപ്പുള്ളി ബസാറിലെ വീടിന് മുന്നില്‍വെച്ചിരുന്ന ബൈക്കും സമീപത്തെ കടയും സാമൂഹ്യ വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചിരുന്നു.
