കോഴിക്കോട്: ജനജാഗ്രത യാത്രക്കിടെ കോടിയേരിബാലകൃഷ്ണന്‍ സ്വര്‍ണക്കടത്ത് പ്രതിയുടെ വാഹനത്തില്‍ യാത്രചെയ്തതോടെ കൊടുവള്ളിയിലെ ഹവാല സ്വര്‍ണകടത്ത് മാഫിയകളും ചര്‍ച്ചയാകുകയാണ്. കേരളത്തിലെ ഹവാല ഇടപാടിന്‍റെയും സ്വര്‍ണകള്ളകടത്തിന്‍റെയും കേന്ദ്രമാണ് കൊടുവള്ളി. ഇതിലധികവും എത്തുന്നത് കരിപ്പൂര്‍ വിമാനതാവളം വഴിയാണ്.

 കരിപ്പൂര്‍ വിമാനതാവളത്തിലെ കസ്റ്റംസ് വിഭാഗം ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ആറ് മാസത്തിനുള്ളില്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ പിടികൂടിയത് 21 കിലോയിലധികം സ്വര്‍ണമാണ്. ആകെ 70 ല്‍ അധികം കേസുകള്‍. 10 പ്രതികളെ പിടിക്കൂടി. സ്വര്‍ണത്തിന്‍റെ മൂല്യം 7 കോടിയോളം വരും . പിടികൂടിയതിന്‍റെ അഞ്ചിരട്ടിയെങ്കിലും കള്ളകടത്ത് നടക്കുന്നുണ്ടെന്ന് കള്ളകടത്ത് സംഘങ്ങളുമായി ബന്ധമുള്ളവര്‍ സാക്ഷ്യപെടുത്തുന്നു. വരുന്ന സ്വര്‍ണത്തിലധികവും പോകുന്നത് കൊടുവള്ളിയിലേക്കാണ്.

കടത്തിന് പിന്നില്‍ രാഷ്‌ട്രീയ ഉദ്യോഗസ്ഥ മാഫിയാ ബന്ധം ഉണ്ടെന്ന് പകല്‍പോലെ വ്യക്തം. ഹവാല മാഫിയ കൊടുവള്ളിയില്‍ മാത്രമൊതുങ്ങുന്നില്ല. താമരശ്ശേരി , വടകര, കുന്ദമംഗലം മേഖലകളിലെല്ലാം കേന്ദ്രീകരിച്ച് കിടക്കുന്നു.സ്ഥിതി ഇങ്ങിനെ ആണെങ്കിലും ജനപ്രതിനിധികളടക്കം ഇത്തരം പ്രവണതകളെ ന്യായീകരിക്കുന്ന സാഹചര്യങ്ങളാണ് ഉള്ളത്.കേസില്‍ പെടുന്നവരും രാഷ്‌ട്രീയകാരും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ടിപി കേസില്‍ അറസ്റ്റിലായ ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെ സന്ദര്‍ശിക്കാന്‍ സ്വര്‍ണകടത്ത് കേസ് പ്രതി ഫയാസ് ജയിലിലെത്തിയത് വലിയ വിവാദമായിരുന്നു.കാരാട്ട് ഫൈസല്‍ നേരത്തെ ലീഗ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് ഇപ്പോഴത്തെ വിവാദങ്ങളെ നേരിടാന്‍ സിപിഎമ്മും ഉയര്‍ത്തി കാട്ടുന്നു. ഇരു മുന്നണികളും ഒരേ പോലെ പ്രതിരോധത്തിലാകുമെന്നതിനാല്‍ തന്നെ പരാതികളില്‍ അന്വേഷണങ്ങള്‍ നടക്കാറുമില്ല.