Asianet News MalayalamAsianet News Malayalam

കൊല്ലം നഗരസഭാംഗത്തിന്‍റെയും അച്ഛന്‍റെയും മരണം; അമിത വേഗതയില്‍ കാറോടിച്ച യുവാവ് അറസ്റ്റില്‍

Kollam accident arrest
Author
First Published Sep 14, 2016, 3:51 PM IST

കൊല്ലം: അമിതവേഗതയിൽ വന്ന കാറിടിച്ച് കൊല്ലം നഗരസഭാ അംഗം കോകിലയും അച്ഛനും മരിക്കാനിടയായസംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനാപകടത്തിലാണ് തേവള്ളി വാർഡ് കൗൺസിലർ കോകില എസ് കുമാറും അച്ഛൻ സുനിലും മരിച്ചത്.

കൊല്ലം ജില്ലയിലെ രാഷ്ട്രീയത്തിലും പൊതു പ്രവർത്തനത്തിലും  കാലുറയ്ക്കും മുമ്പാണ് കോകിലയുടെ അപകട മരണം.  ഈ നടുക്കത്തിൽ നിന്ന് കൊല്ലം നഗരം ഇപ്പോഴും കരകയറിട്ടില്ല.  നഗരസഭാ ആസ്ഥാനത്തെ പൊതു ദർശനത്തിനത്തിൽ കൊല്ലത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കാവനാട് ആൽത്തറമൂട്ടിൽ വച്ചാണ് അപകടം നടന്നത്.  

കാവനാട് ഐശ്വര്യ റസിഡൻസ് അസോസിയേഷന്റെ  ഓണക്കിറ്റ് വിതരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കോകിലയും അച്ഛൻ സുനിലും.  ആൽത്തറ മൂട്ടിൽ എത്തിയപ്പോൾ അമിത വേഗതയിൽ വന്ന കാർ ഇവർ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ അമ്പത് മീറ്റർ അകലത്തേക്ക് തെറിച്ച് വീണ കോകില സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.  ഗുരുതരമായി പരിക്കേറ്റ സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.  അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

ഇടിച്ചിട്ട് കടന്ന്പോയ വാഹനം  ശക്തികുളങ്ങര പള്ളിയുടെ സമീപത്ത് നിന്നാണ് പൊലീസ് കണ്ടു പിടിച്ചത്. അപകടത്തിനു ശേഷം വാഹനം സുഹൃത്തിന്റെ വീട്ടിൽ നിർത്തി അഖിൽ രക്ഷപ്പെടുകയായിരുന്നു. മൊബൈൽഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാഹനം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പ് വരുത്തുന്നതിനായി രക്ത സാമ്പിൾ പരിശോധനയും  പൊലീസ് നടത്തുന്നുണ്ട്.
കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കോകില. ബി.എഡ് വിദ്യാര്‍ഥിനികൂടിയായ കോകില ബി.ജെ.പി. സ്ഥാനാര്‍ഥിയായി തേവള്ളി വാർഡിൽ നിന്നും കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ പ്രായം 22 വയസ്. ഡിവിഷനിലുള്ളവരുടെ ദൈനംദിന കാര്യങ്ങളിലും അവരുടെ ആവശ്യങ്ങള്ക്കും കോകില ഒപ്പമുണ്ടായിരുന്നു. പൊതുപരിപാടികളിലും നിറ സാന്നിധ്യം.

കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന രണ്ട് കൗണ്‍സിലര്‍മാരില്‍ ഒരാളാകാനുള്ള ഭാഗ്യവും കോകിലയ്ക്കായിരുന്നു. അടുത്തകാലത്ത് ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിരുന്നു. പരവൂര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാർ. മൃതദേഹങ്ങള്‍ തേവള്ളി സർക്കാർ സ്കൂളിലും വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം മുളംകാടകം ശ്മശാനത്തിൽ സംസ്കരിച്ചു.

Follow Us:
Download App:
  • android
  • ios