കൊല്ലം: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയിലെ ബവ്റിജസ് ഔട്ട്‍ലെറ്റ് സി.പി.ഐ, എം.എല്‍.എ ആര്‍ രാമചന്ദ്രൻ ഇടപെട്ട് പൂട്ടിച്ചു.കേരള വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് മാറ്റി സ്ഥാപിച്ച മദ്യശാലയാണ് പൂട്ടിയത്. മദ്യശാലകള്‍ പൂട്ടിയാല്‍ വ്യാജമദ്യം ഒഴുകുമെന്ന് സി.പി.എം വ്യക്തമാക്കിയതിന് പിന്നാലെയാണ് സി.പി.ഐ എംഎല്‍എയുടെ ഇടപെടല്‍.

രണ്ടാഴ്ച മുന്‍പാണ് റോഡരികിലായിരുന്ന ബവ്റിജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിച്ചത്.ആദ്യം ജനങ്ങള്‍ എതിര്‍ത്തിരുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടതായതോടെയാണ് സമരം ശക്തമായത്. ജനങ്ങള്‍ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.ഇതോടെ മദ്യശാല പൂട്ടാന്‍ എം.എല്‍.എ തന്നെ നേരിട്ടിറങ്ങി. മദ്യശാലകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്ന സമീപനത്തോട് സി പി എം വിജോജിക്കുമ്പോഴാണ് സിപിഐ എം.എല്‍.എ യായ ആര്‍ രാമചന്ദ്രന്റെ നടപടി.

ബവ്റിജസ് സമരങ്ങളില്‍ കൊല്ലത്തെ സിപിഎം എം.എല്‍.മാര്‍ പൂര്‍ണമായും വിടുനില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം സ്‌പിരിറ്റ് പിടികൂടിയ കരുനാഗപ്പള്ളിയിലെ ബവ്റിജസ് പൂട്ടിച്ചത് ഗുണകരമാവില്ലെന്നാണ് സി പി എം ജില്ലാ കമ്മിറ്റിയുടെ നിലപാട്.