കൊല്ലം: ഉല്‍സവ വെടിക്കെട്ടുകള്‍ക്ക് കൃത്യമായ മാനദണ്ഡം പാലിച്ചു മാത്രമേ അനുമതി നല്‍കൂവെന്ന് കൊല്ലത്തെ പുതിയ ജില്ലാ കളക്ടര്‍ ടി മിത്ര. ഇക്കാര്യത്തില്‍ മുൻ കളക്ടര്‍ സ്വീകരിച്ച നിലപാട് പിൻതുടരും. കളക്ടേറ്റില്‍ വര്‍ഷങ്ങളായി കേടായിക്കിടക്കുന്ന സിസിടിവി ക്യാമറകള്‍ നന്നാക്കാനുള്ള നടപടി സ്വീകരിച്ചതായും കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

109 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം വിവാദങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. വെടിക്കെട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസും ജില്ലാ ഭരണകൂടവും കൊമ്പ് കോര്‍ത്തു..അന്നത്തെ ജില്ലാ കളക്ടര്‍ ഷൈനമോള്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് പൊലീസ് അനുമതി നല്‍കി..ഈ സാഹചര്യത്തിലാണ് പുതിയ കളക്ടറുടെ നിലാപാടിനെക്കുറിച്ച് ആരാഞ്ഞത്.

വെടിക്കെട്ടിന് അനുമതി ചോദിക്കുന്നതിനായി ക്ഷേത്രഭാരവാഹികള്‍ കളക്ട്റ്റില്‍ എത്തിയോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് കേടാണെന്ന് മനസിലായി. മാത്രമല്ല കളക്ട്രേറ്റിന് സമീപം സ്ഫോടനമുണ്ടായപ്പോഴും സിസിടിവികള്‍ നിശ്ചലായിത്തന്നെ ഇരുന്നു. കളക്ടേറ്റിന് സമീപം കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങളും വസ്തുക്കളും ഉടനടി മാറ്റണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.