നഗര മധ്യത്തില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നൗഷറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി ഒളിപ്പിച്ചെന്നാണ് പിടിയിലായ നാല് പേര്‍ നല്‍കിയ മൊഴി
കൊല്ലം: നഗര മധ്യത്തില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നൗഷറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി ഒളിപ്പിച്ചെന്നാണ് പിടിയിലായ നാല് പേര്‍ നല്‍കിയ മൊഴി
ഇക്കഴിഞ്ഞ 16ന് അര്‍ധരാത്രി കൊല്ലം ചിന്നക്കടയിലായിരുന്നു കൊലപാതകം. വിവാഹിതയും നാല് മക്കളുടെ അമ്മയുമായ യുവതിയുമായി അടുപ്പമുണ്ടെന്നതിന്‍റെ പേരിലാണ് ഓട്ടോ ഡ്രൈവറായ സിയാദിനെ കുത്തിക്കൊല്ലുന്നത്. യുവതിയുടെ മാതൃസഹോദരൻ ഉള്‍പ്പടെ അഞ്ച് പേരാണ് പ്രതികള്‍. ഓട്ടം കഴിഞ്ഞ് മടങ്ങവേ ചിന്നക്കടയില്‍ വച്ച് കുത്തേറ്റ സിയാദ് ചാമക്കട മഹാറാണി മാര്‍ക്കറ്റ് വരെ ഓട്ടോ ഓടിച്ച് എത്തി.
പിന്നീട് വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്തുടര്‍ന്നെത്തിയ സംഘം വീണ്ടും സിയാദിനെ അടിച്ചും കുത്തിയും കൊന്നു.പിടിയിലായ ഇജാസ് ഷഫീക്ക് ഒളിവിലുള്ള നൗഷര്‍ എന്നിവരാണ് സിയാദിനെ സ്കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയത്.നൗഷറാണ് സിയാദിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകം സംബന്ധിച്ച ഗൂഡാലോചന നടത്തിയതും നൗഷറാണ്.
ആയുധങ്ങള്‍ നൗഷര്‍ രക്ഷപ്പെടുന്ന സമയത്ത് ഒളിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.പിടിയിലായ നാല് പേരെ ചോദ്യം ചെയ്തതില്‍ നിന്ന് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.വെള്ളിയാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ നാല് പ്രതികളെ പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു.
