കൊല്ലം പരവൂര്‍ ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് അന്വേഷം ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. ആറു മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എ‍ഡിജിപി അനന്തകൃഷ്‍ണന്റെ നേതൃത്വത്തിലാണ് സംസ്ഥാന പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, വെടിക്കെട്ട് അപകടത്തില്‍ മരണം 110 ആയി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണു കേരളം. പരുക്കേറ്റ മുന്നൂറോളം പേര്‍ ആശുപത്രികളില്‍ കഴിയുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുന്നു.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. വെടിക്കെട്ടു നടക്കുന്നതിനിടെ പാതി പൊട്ടിയ അമിട്ട് കമ്പപ്പുരയ്ക്കു മുകളില്‍ വീഴുകയായിരുന്നു. കൂട്ടിവച്ചിരുന്ന വന്‍ സ്ഫോടക ശേഖരം ഉഗ്ര തീവ്രതയില്‍ പൊട്ടിത്തെറിച്ചു. ഒന്നര കിലോമീറ്ററോളം സ്ഫോടനത്തിന്റെ ആഘാതമുണ്ടായി. ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കെല്ലാം കേടുപാടുപറ്റി. ക്ഷേത്ര പരിസരത്തെ വലിയ കെട്ടിടങ്ങള്‍പോലും സ്ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. സ്ഫോടനമുണ്ടായ ഉടന്‍ ആളുകള്‍ ചിതറിയോടിയതും ദുരന്തത്തിന്റെ വ്യാപ്‍തി വര്‍ധിപ്പിച്ചു.