കൊല്ലം: പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ട്രേറ്റിലെ സിസിടിവിയില്‍ നിന്നും ക്രൈംബ്രാഞ്ചിന് ദൃശ്യങ്ങള്‍ ലഭിച്ചില്ല. കളക്ടറുടെ ഓഫീസിന് മുന്നിലെ ആറ് സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പരിശോധനയില്‍ കണ്ടെത്തി... ഇന്നലെ രാത്രിയോടെയാണ് പരവൂര്‍ ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കളക്ട്രേറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്തത്....ക്രൈംബ്രാഞ്ച് കളക്ട്രേറ്റില്‍ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കൊല്ലം കളക്ട്രേറ്റില്‍ ആകെ 16 സിസിടിവി ക്യാമറകള്‍.. കളക്ടറുടെ ഓഫീസിന് മുന്നില്‍ ആറെണ്ണം. പക്ഷേ ഈ ആറെണ്ണവും പ്രവര്‍ത്തനരഹിതം..ദൃശ്യങ്ങള്‍ കാണാനില്ല എന്ന് കളക്ടേറ്റിലെ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നിന്നും വ്യക്തം.16 ക്യാമറകളുടേയും ഔട്ട് ഈ മോണിറ്ററില്‍ കാണാം. ക്ഷേത്രഭരണസമിതി അംഗങ്ങള്‍ കളക്ടറെ കാണാൻ എത്തി എന്നു പറയുന്ന ഇക്കഴിഞ്ഞ എട്ടാം തീയതിയിലെ ദൃശ്യങ്ങളെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തെ ഹാര്‍ഡ് ഡിസ്ക് മുഴുവനും ക്രൈംബ്രാഞ്ച് സംഘം കോപ്പി ചെയ്തു..വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് അയക്കാനാണ് തീരുമാനം..ഒരു മാസമായി സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്ന് കളക്ട്രേറ്റിലെ കമ്പ്യൂട്ടര്‍ വിദഗ്ദര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവികള്‍ കേടാണെന്ന കാര്യം കെല്‍ട്രോണിനെ അറിയിച്ചിരുന്നതായും ജീവനക്കാര്‍ പറഞ്ഞു കളക്ടറുടെ ചേംബറിനകത്ത് സിസിടിവി ഘടിപ്പിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്രഭാരവാഹികള്‍ ഉത്തരവ് കൈപ്പറ്റുന്നതിന് മുൻപോ അതിന് ശേഷമാണോ എത്തിയതെന്ന് അറിയാൻ ഇനി കളക്ട്രേറ്റിലെ രേഖകള്‍ പരിശോധിക്കണം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കളക്ടര്‍ ക്രൈംബ്രാഞ്ചിന് രേഖാമൂലം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഡിവൈഎസ്പി ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കളക്ടേറ്റിലെത്തിയത്. കളക്ട്രേറ്റിലേക്ക് കയറുന്നതിന്‍റെ ഇടത് ഭാഗത്താണ് സിസിടിവിയിലെ ദൃശ്യങ്ങളുടെ ശേഖരണം നടത്തുന്നത്.