തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ട്
കൊല്ലം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രസ്താവന നടന്‍ കൊല്ലം തുളസിക്ക് കുരുക്കാവുന്നു. സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസ്താവനയാണ് നടന് പണിയായത്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പ്പിള്ള അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്.
തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസിൽ പരാതി നൽകിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
അതേസമയം പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കൊല്ലം തുളസി രംഗത്തുവന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് കൊല്ലം തുളസി പറഞ്ഞു.
