കൊലുക്കുമല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് വീണ്ടും അവസരം

ഇടുക്കി: മഞ്ഞും തണുപ്പും നിറഞ്ഞ കൊലുക്കുമല സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് വീണ്ടും അവസരം. ആദ്യഘട്ടത്തില്‍ നാല്‍പ്പത് വാഹനങ്ങള്‍ക്കാണ് മോട്ടോര്‍ വെഹിക്കള്‍ വകുപ്പ് അനുമതി നല്‍കിയത്. കൊലുക്കുമലയിലടക്കം ജീപ്പ് സവാരി നടത്തുന്ന സന്ദര്‍ശകര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവായതോടെയാണ് ദേവികുളം സബ് കളക്ടര്‍ മലമുകളിലേക്കുള്ള സവാരിക്ക് നിരോധനം എര്‍പ്പെടുത്തിയത്.

പ്രശ്‌നപരിഹാരത്തിനായി ഇടുക്കി മോട്ടര്‍ വെഹിക്കള്‍ വകുപ്പും വനം-റവന്യു വകുപ്പുകളും സംയുക്തമായി പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് സൂര്യനെല്ലിയിലെ നാല്‍പത് ജീപ്പുകള്‍ക്ക് അനുമതിനല്‍കിയിരിക്കുന്നത്.ബുധനാഴ്ച രാവിലെ ജനപ്രതിനിധികളുടെ സാനിധ്യത്തില്‍ ഇടുക്കി മോട്ടര്‍ വെഹിക്കള്‍ വകുപ്പ് സവാരിക്ക് അനുമതിനല്‍കുകയായിരുന്നു. 

സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാഹനങ്ങള്‍ പരിശോധന നടത്തി ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. മൂന്നാര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ കൊലുക്കുമല സന്ദര്‍ശിക്കുന്നത് പതിവാണ്. കൊലുക്കുമല സന്ദര്‍ശിക്കുന്നവര്‍ അനധിക്യതമായി മീശപ്പുലിമലയില്‍ കയറുന്നതും ഇത് സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് ഭീഷണി സ്യഷ്ടിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും കൊരങ്കണിവഴി കൊലുക്കുമല സന്ദര്‍ശിച്ച് മടങ്ങിയവര്‍ കാട്ടുതീയില്‍ അകപ്പെട്ട് മരിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഡ്രൈവര്‍മ്മാര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്തിരിക്കുന്നത്. കൊലുക്കുമല സന്ദര്‍ശനത്തിന് 2000 രൂപയാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനത്തില്‍ കയറുന്നവര്‍ നാലുമണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മലമുകളിലേക്കുള്ള ട്രക്കിങ്ങ് നിരോധനം സബ് കളക്ടര്‍ നീക്കാത്തത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവും.