ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നു. ആണവനിലയത്തിന്‍റെ മൂന്നും നാലും യൂണിറ്റുകളുടെ നിർമ്മാണപ്രവർത്തനം ഉടൻ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി ചേർന്ന് രണ്ടാംഘട്ട സമരം തുടങ്ങാൻ ആണവവിരുദ്ധ സമരസമിതി തീരുമാനിച്ചു. കൂടംകുളത്തെ ഇടിന്തകരൈയിലുള്ള ഒൻപതിനായിരത്തോളം ഗ്രാമവാസികൾക്കെതിരെയുള്ള കേസുകൾ പിൻവലിയ്ക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണമെന്ന് സമരസമിതി നേതാവ് എസ്‌പി ഉദയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ആണവസമുച്ചയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനകീയസമരങ്ങളിലൊന്ന് രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ബ്രിക്സ് ഉച്ചകോടിയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടംകുളത്തിന്റെ രണ്ടാം യൂണിറ്റ് രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് സമരസമിതി രണ്ടാംഘട്ട സമരവും പ്രഖ്യാപിയ്ക്കുന്നത്. രണ്ട് രാജ്യത്തലവൻമാരും ചേർന്ന് തറക്കല്ലിട്ട ആണവനിലയത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം ഉടൻ നിർത്തിവെയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെടുന്നു.
കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നതിനടുത്തുള്ള ഇടിന്തകരൈ ഗ്രാമത്തിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ഒൻപതിനായിരത്തോളം ഗ്രാമവാസികളാണ് ഇപ്പോൾ രാജ്യദ്രോഹക്കുറ്റം നേരിടുന്നത്. ഇവിടെ നിന്നുള്ള ചെറുപ്പക്കാരുടെ ഉപരിപഠനമോ ജോലിയോ പോലും മുടങ്ങുന്ന സാഹചര്യമാണ്. തമിഴ്നാട്ടിലെ സിപിഎം ഉൾപ്പടെയുള്ള മൂന്നാം മുന്നണിക്കക്ഷികളുടെ പിന്തുണയോടെ ഡിസംബർ 10 ന് ലോകമനുഷ്യാവകാശദിനത്തിൽ ചെന്നൈയിൽ പ്രതിഷേധസംഗമം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
