റിപ്പോർട്ടിൽ വ്യക്തത തേടിയെങ്കിലും പട്ടയം റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ കളക്ടർ മാറ്റം വരുത്തിയിട്ടില്ല.

തൊടുപുഴ: ജോയ്‍സ് ജോർജ് എംപിയുടെ മൂന്നാർ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ഇടുക്കി ജില്ലാ കളക്ടർ. ജോയ്‍സിൽ നിന്നും ബന്ധുക്കളിൽ നിന്നും വേണ്ടത്ര വിശദീകരണം തേടാതെയാണ് പട്ടയം റദ്ദാക്കിയതെന്നാണ് കളക്ടറുടെ കണ്ടെത്തൽ. പുനരന്വേഷണം നടത്തി രണ്ട് മാസത്തിനകം വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ സബ് കളക്ടർക്ക്, കളക്ടർ നിർദ്ദേശം നൽകി. പട്ടയം റദ്ദാക്കിയ നടപടി തള്ളണമെന്ന ജോയ്സിന്‍റെ ആവശ്യം കളക്ടർ അംഗീകരിച്ചില്ല.

മൂന്ന് തവണ പരാതിക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയ നോട്ടീസിൽ വ്യക്തതയുണ്ടായിരുന്നില്ല. ഹൈക്കോടതി വിധി അനുസരിച്ച് അന്തിമ നടപടിയ്ക്ക് മുന്‍പ് പരാതിക്കാർക്ക് അഭിഭാഷകൻ മുഖേന വിശദീകരണം നൽകാൻ അവസരം നൽകണം. എന്നാൽ ദേവികുളം സബ്കളക്ടർ ഈ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് ജോയ്‍സ് നൽകിയ അപ്പീൽ പരിഗണിക്കവേ കളക്ടർ ഗോകുൽ ജി.ആർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിച്ച് പുനരന്വേഷണം നടത്തി എട്ട് ആഴ്‍ചകള്‍ക്കകം വീണ്ടും റിപ്പോർട്ട് നൽകാൻ സബ്‍കളക്ടർ വി ആർ പ്രേംകുമാറിന് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ നവംബ‍റിലാണ് ജോയ്‍സിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള 20 ഏക്ക‍ർ ഭൂമിയുടെ പട്ടയം സബ്‍കളക്ടർ റദ്ദാക്കിയത്. കൊട്ടക്കമ്പൂർ കുറിഞ്ഞി ദേശീയ ഉദ്യാനത്തിലെ ഭൂമിയുടെ പട്ടയം വ്യാജമെന്ന് കണ്ടെത്തിയതിനെ തുട‍ർന്നായിരുന്നു നടപടി. റിപ്പോർട്ടിൽ വ്യക്തത തേടിയെങ്കിലും പട്ടയം റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ കളക്ടർ മാറ്റം വരുത്തിയിട്ടില്ല.