കോട്ടയം: സമരം നടത്തുന്നവരെ ഒഴിവാക്കി പരീക്ഷ നടത്തിയതില്‍ പ്രതിഷേധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ ഉപരോധസമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാരും മെഡില്‍ വിദ്യാര്‍ത്ഥികളും സംസ്ഥാന വ്യാപകമായി പണിമുടക്കും പഠിപ്പ് മുടക്കും നടത്തി വരുന്നതിനിടെയാണ് പരീക്ഷ നടത്തിയത്. മൂന്നു മണിക്കൂറോളം പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും തടഞ്ഞ് വെച്ച വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തയാറായത്. മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നേരിയ സംഘര്‍ഷത്തിന് വഴിവെച്ച ഉപരോധ സമരം. 

രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണല്‍ പരീക്ഷയാണ് സമരക്കാരെ ഒഴിവാക്കി അധികൃതര്‍ നടത്താന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിലെ തന്നെ പ്രൊഫസര്‍മാരുടെ മക്കളായ നാല് പേര്‍ മാത്രമാണ് പരീക്ഷക്കെത്തിയത്. ഇതോടെ പരീക്ഷയെഴുതേണ്ടിയിരുന്ന 147 പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് ഉറപ്പ് ലഭിക്കാതെ ഓഫീസില്‍ നിന്നും ആരും പുറത്തിറങ്ങില്ലെന്ന നിലപാടിലുറച്ച് നിന്നു. മൂന്ന് മണിക്കൂറിലധികം ഈ ഉപരോധം നീണ്ടു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇന്ന് പരീക്ഷ എഴുതാനാകാത്തവര്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.