കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് വൈദികനെതിരെ പൊലീസിന് പരാതി. പരാതി പോലീസിലെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തില്‍ പാലാ രൂപത വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി. 

കല്ലറ പെരുന്തുരത്ത് സെന്റ് മാത്യൂസ് പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ തോമസ് താന്നില്‍ക്കും തടത്തിലില്‍.ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടനില്‍ താമസിക്കുന്ന യുവതിയാണ് വൈദികനെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കടുത്തുരുത്തി പൊലീസിന് നല്‍കിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട വൈദികനുമായി പ്രണയത്തിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

വൈദികന്‍ വിളിച്ചതനുസരിച്ചാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ മാസം ഏഴിന് സുഹൃത്തുമൊത്ത് എത്തിയ തന്നെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.പരാതി പൊലീസിലെത്തിയെന്ന് അറിഞ്ഞയുടന്‍ വൈദികന്‍ മുങ്ങി. പിന്നാലെ പൊലീസിന് കത്തും അയച്ചു . തന്നെ മനപൂര്‍വം കുടുക്കാനും പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നുമാണ് കത്തിലെ വാദം . യുവതിയെ കടുത്തുരുത്തി മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.