കോട്ടയം ലോക്സഭാ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി ശക്തമായിരുന്നു.

കോട്ടയം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക കൺവൻഷനിലാണ് ഘടകകക്ഷികൾക്കുള്ള സീറ്റുകൾ കോൺഗ്രസ് തട്ടിയെടുക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് അഭ്യൂഹങ്ങൾങ്ങൾക്ക് വിരാമമിട്ടത്. കേരളകോൺഗ്രസ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി

കോട്ടയം ലോക്സഭാ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി ശക്തമായിരുന്നു. ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയായതോടെ അദ്ദേഹം കോട്ടയത്ത് സ്ഥാനാർത്ഥിയാകുമെന്നും കേരളകോൺഗ്രസിന് വയനാടോ ഇടുക്കിയോ നൽകുമെന്നു വരെ പ്രചാരണമുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഒറ്റക്ക് കൺവെൻഷൻ വിളിച്ചതോടെ താഴേത്തട്ടിലുള്ള പ്രവർത്തകർ ഊഹങ്ങൾ ഉറപ്പിച്ചു. എന്നാൽ ഈ കൺവെൻഷനിൽ തന്നെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കി

കോൺ​ഗ്രസിനൊപ്പം സമാന്തരമായി കേരളകോൺഗ്രസും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.മണ്ഡലം മാറേണ്ടി വരില്ലെന്ന് കോൺഗ്രസ് ദേശിയനേതൃത്വത്തിൽ നിന്നും ഉറപ്പ് ലഭിച്ച കേരളകോൺഗ്രസ് ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. പ്രചാരണത്തിനായി കേഡർ പ്രവർത്തന മാതൃകയാണ് സ്വീകരിക്കുന്നതെന്നാണ് കേരളകോൺഗ്രസിന്റ വിശദീകരണം. യുഡിഎഫിലേക്ക് മടങ്ങി വന്ന കേരളകോൺഗ്രസിന് കോട്ടയം നിലനിർത്തേണ്ടത് നിലനിൽപ്പിനാവശ്യമാണ്