കെവിന്‍ കേസിലെ പ്രതി ഷാനു തന്‍റെ ബന്ധുവാണെന്ന് ആരോപണം അടിസ്ഥാന രഹിതമെന്ന് കോട്ടയം മുന്‍ എസ്പി ആരോപണമുന്നയിച്ച എഎസ്ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോട്ടയം മുന്‍ എസ്പി
കോട്ടയം: കെവിന്റെ കൊലപാതക കേസിലെ പ്രതി ഷാനു തന്റെ ബന്ധുവാണെന്ന് ആരോപണം അടിസ്ഥാന രഹിതമെന്ന് കോട്ടയം മുന് എസ്പി മുഹമ്മദ് റഫീഖ്. തനിക്കെതിരെ ആരോപണമുന്നയിച്ച എഎസ്ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളില് വാര്ത്ത വന്ന ശേഷം വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച് പറയുമ്പോഴാണ് താന് സംഭവിത്തെക്കുറിച്ച് അറിയുന്നതെന്നും കോട്ടയം മുന് എസ്പി പറഞ്ഞു.
കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് കോട്ടയം എസ്പി എന്നാണ് ആരോപണം ഉയര്ന്നത്. തനിക്കോ ഭാര്യക്കോ കൊല്ലത്ത് ബന്ധുക്കളില്ല. ഇക്കാര്യത്തില് ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും മുഹമ്മദ് റഫീക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെവിന്റെ കൊലപാതകം നടക്കുന്ന സമയത്ത് കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് കേസിലെ മുഖ്യപ്രതി ഷാനുവിന്റ അമ്മയുടെ ബന്ധുവാണെന്ന് കേസില് അറസ്റ്റിലായ എ.എസ്.ഐയുടെ അഭിഭാഷകനാണ് ഇന്ന് കോടതിയില് അറിയിച്ചത്. അതേസമയം കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതും എസ്.പി മുഹമ്മദ് റഫീഖ് തന്നെയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
