കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ ആരംഭിക്കാന്‍ വഴി തെളിയുന്നു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, ശിശു ക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് ബാലിക മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണിത്.
ഇതോടെ ഇവര്‍ തലശേരി പോക്സോ കോടതിയില്‍ വിചാരണ നേരിടണം. ഇവരുള്‍പ്പടെ 10 പേരെ പ്രതികളാക്കി പൊലീസ് ഏപ്രില്‍ മാസം കുറ്റപത്രം നല്‍കിയിരുന്നുവെങ്കിലും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ നീണ്ടുപോവുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ആകുമെന്ന പ്രതീക്ഷയാണ് പ്രോസിക്കൂഷന്‍. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരിയായിരുന്ന ഫാദര്‍ റോബിനാണ് കേസില്‍ ഒന്നാം പ്രതി.
