തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായ വി എസ് അച്യുതാനന്ദന് ഔദ്യോഗിക വസതിയായി കവടിയാർ ഹൗസ് അനുവദിച്ചു. അതേ സമയം കമ്മീഷൻ ഓഫീസ് സെക്രട്ടറിയേറ്റിന് പുറത്ത് ഐഎംജിയിൽ തന്നെയായിരിക്കും. സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചതിലും വീടിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് വിഎസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വീട് അനുവദിച്ചതടക്കം ചൂണ്ടി കാണിച്ച് ചീഫ് സെക്രട്ടറി വിഎസ്സിന്റെ കത്തിന് ഉടൻ മറുപടിനൽകും.

വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ച വസതിയായിരുന്നു കവടിയാര്‍ ഹൗസ്. അവിടെ നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മ്മിച്ച പുതിയ വസതിയിലാണ് അദ്ദേഹം ഇതുവരെ താമസിച്ചുവന്നത്. വി.എസിന് കവടിയാര്‍ ഹൗസ് വിട്ടുനല്‍കുന്നതില്‍ വിരോധമില്ലെന്ന് കടകംപള്ളിയും അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യപ്പെട്ട വസതി തന്നെ വി.എസിന് അനുവദിക്കാന്‍ തീരുമാനമായത്.

ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ അനുവദിക്കണമെന്നുമായിരുന്നു വി.എസ് ചീഫഅ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.