കോഴിക്കോട്: പഠനത്തോടൊപ്പം കൃഷിപാഠവുമായി മലബാര്‍ ക്രിസ്ത്യന്‍ കോളജ്. നഗരത്തിന്റെ ഹൃദയത്തില്‍ ക്യാംപസിനോടു ചേര്‍ന്നുള്ള 70 സെന്റ് ഭൂമിയിലാണ് വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. ചീര, മുളക്, വഴുതന, തക്കാളി, പടവലം, പാവക്ക, വെണ്ട, വാഴ എന്നിവ ഇവിടുത്തെ കൃഷിയിടത്തില്‍ നിന്നും ഇതിനോടകം വിളവെടുത്തു.

പുതുതായി രൂപീകരിച്ച കോളജിലെ 'ജീവനം' കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കല്‍റ്റിവേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കോളജില്‍ കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിക്ക് പുറമെ മൂന്ന് സെന്റ് സ്ഥലത്ത് മഴക്കുഴി നിര്‍മിച്ച് മത്സ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്. 

കട്‍ല, തിലോപ്പി, രോഹു എന്നിവയുടെ വിത്ത് ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറി കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിത്ത്, ജൈവ വളം എന്നിവക്കായും ഉപയോഗിക്കും.

 വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമടങ്ങുന്ന ക്ലബ്ബംഗങ്ങള്‍ ക്ലാസ് മുടങ്ങാതെ രാവിലെയും വൈകിട്ടുമാണ് കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്നത്. കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ഡോ.പി.എസ് ഷീബയാണ് വിദ്യാര്‍ഥികള്‍ക്ക് കൃഷി പാഠത്തിന്റെ നിലമൊരുക്കുന്നത്.