Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഇരട്ട സ്ഫോടനകേസ്: രണ്ടാം പ്രതി അസ്ഹറിനെ കൊച്ചിയിലെത്തിച്ചു

ഇന്നലെ എന്‍ ഐ എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് പ്രതി അസ്ഹറിനെ കൊച്ചിയിൽ എത്തിച്ചു. അസ്ഹർ പിടിയിലാകുന്നത് 13 വർഷത്തിന് ശേഷം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റ‍ഡിയില്‍ വാങ്ങും.

kozhikode blast case second accused  in kochi
Author
Kochi, First Published Jan 25, 2019, 9:06 PM IST

കൊച്ചി:  2006 ൽ കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കൊച്ചിയിലെത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ്  അസ്ഹർ. 

ദില്ലിയില്‍ നിന്നുള്ള എയർഇന്‍ഡ്യ വിമാനത്തില്‍ വൈകീട്ടാണ് പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. 5 അംഗ എന്‍ഐഎ സംഘം പ്രതിയോടൊപ്പം ഉണ്ടായിരുന്നു. ദില്ലി കോടതിയില്‍ ട്രാന്‍സിറ്റ് വാറണ്ട് ഹാജരാക്കിയാണ് പ്രതിയെ കൊണ്ടുവന്നത്. കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് കൊണ്ടുപോയ പ്രതിയെ നാളെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അസ്ഹറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ കേസില്‍ ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികളെ കുറിച്ച് നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്‍റർപോള്‍ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെതുടർന്നാണ് അസ്ഹറിനെ സൗദി പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിലേക്ക് അയച്ചത്. വിമാനത്താവളത്തില്‍വച്ചാണ് എന്‍ ഐ എ പിടികൂടിയത്. സംഭവം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് അസ്ഹർ പിടിയിലാകുന്നത്.

മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാർച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ്റ്റാന്‍റുകളില്‍ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കശ്മീർ റിക്രൂട്ടമെന്‍റ് കേസില്‍ പിടിയിലായ തടിയന്‍റവിടെ നസീറാണ് കേസിലെ ഒന്നാം പ്രതി. 2011 ല്‍ വിചാരണ പൂർത്തിയായ കേസില്‍ ഒന്നാം പ്രതിയെയും നാലാം പ്രതി സഫാസിനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരോടൊപ്പം ചേർന്ന് കണ്ണൂർ തെക്കിനിയിലെ അസ്ഹറിന്‍റെ വീട്ടില്‍ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍.

Follow Us:
Download App:
  • android
  • ios