കെപിസിസി നിർവ്വാഹക സമിതി അംഗം അഡ്വക്കറ്റ് പി.എം. നിയാസ് ആണ് ജസ്റ്റിസ് ഫോർ കെ. സുരേന്ദ്രൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. എന്നാല്‍ നിയാസിനെ ന്യായീകരിച്ച് കോഴിക്കോട് ഡി സി സി രംഗത്തെത്തി.
കോഴിക്കോട്: റിമാന്‍റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂലികള്‍ നടത്തിയ 'ജസ്റ്റിസ് ഫോർ കെ സുരേന്ദ്രൻ' പരിപാടിയിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമായിരുന്നു. കെപിസിസി നിർവ്വാഹക സമിതി അംഗം അഡ്വക്കറ്റ് പി.എം. നിയാസ് ആണ് ജസ്റ്റിസ് ഫോർ കെ. സുരേന്ദ്രൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. എന്നാല്‍ നിയാസിനെ ന്യായീകരിച്ച് കോഴിക്കോട് ഡി സി സി രംഗത്തെത്തി. പരിപാടിയിൽ പങ്കെടുത്തത് വ്യക്തിപരമെന്ന് പ്രസിഡണ്ട് ഡിസിസി അധ്യക്ഷന്‍ ടി.സിദ്ദീഖ് പറഞ്ഞു.
മതേതര നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. ബാർ കൗൺസിൽ മുൻ അംഗമെന്ന നിലയിലാണ് നിയാസ് പങ്കെടുത്തത്. പരിപാടി സംഘടിപ്പിച്ചത് ബിജെപിയും അര്‍എസ്എസും അല്ല. നിയാസ് തികഞ്ഞ മതേതരവാദിയാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി. എസ് എന്‍ ഡി പി യൂണിയൻ കോഴിക്കോട് താലൂക്ക് സെക്രട്ടറി സി സുധീഷായിരുന്നു 'ജസ്റ്റിസ് ഫോർ കെ സുരേന്ദ്രൻ' പരിപാടിയുടെ മുഖ്യ സംഘാടകൻ. സുരേന്ദ്രനെതിരെ ഉണ്ടാകുന്നത് സമാനതകളില്ലാത്ത സംഭവമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് നിയാസ് പറഞ്ഞു. ഇതുപോലൊരു നെറികേട് ഒരു നേതാവിനോടും ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ചെയ്തിട്ടില്ല. എന്നെന്നേക്കുമായി കെ സുരേന്ദ്രനെ കാരാഗൃഹത്തിൽ അടക്കാമെന്ന് പിണറായി കരുതേണ്ടെന്നും പി എം നിയാസ് പറഞ്ഞിരുന്നു. പിരിപാടിയില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളാരും പങ്കെടുത്തിരുന്നില്ല.
