കോഴിക്കോട്: ഒഴുക്ക് നിലച്ച കല്ലായിപുഴയെ പുനരുജ്ജീവിപ്പിക്കാൻ കൈകോർത്ത് ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ. കോതി അഴിമുഖത്ത് വർഷങ്ങളായി അടിഞ്ഞ്കൂടിയ ചെളി നീക്കം ചെയ്താണ് പുഴയിലെ ഒഴുക്ക് വീണ്ടെടുക്കുന്നത്.  കാലവർഷം ശക്തമായിട്ടും കല്ലായിപുഴയിൽ നീരൊഴുക്ക് കൂടിയിരുന്നില്ല.അഴിമുഖത്തോട് ചേർന്ന് ചെളികെട്ടികിടന്ന് തുരുത്തുകൾ രൂപപെട്ടതാണ് വെള്ളം ഒഴുകി കടലിൽ ചേരാൻ തടസ്സമായിരുന്നത്.

ഇതേത്തുടർന്ന് പുഴയോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി.മത്സ്യതൊഴിലാളികൾക്കാവട്ടെ ചെളി തിട്ടകൾ മൂലം ചെറുവെള്ളങ്ങൾ കടലിൽ ഇറക്കാൻ കഴിയുന്നില്ല.യന്ത്രങ്ങൾ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുമെന്ന് കോർപ്പറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് ചെളിതിട്ടകൾ പൊളിച്ച് നീക്കം ചെയ്യാൻ മത്സ്യതൊഴിലാളികൾ തന്നെ രംഗത്തെത്തിയത്.

പുലിമുട്ടിന്റെ അശാസ്ത്രീയമായ നിർമാണമാണ് അഴിമുഖത്ത് വൻതോതിൽ ചെളി അടിഞ്ഞ് കൂടാൻ കാരണമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.പുഴയിലെ മാലിന്യങ്ങളും നീരൊഴുക്കിന് തടസമാവുന്നുണ്ട്. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.