കോഴിക്കോട്: രാജ്യത്തെ ശുചിത്വമുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം സ്ഥാനത്ത്. ഒരു സ്വകാര്യ ട്രാവല്‍ ആപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് രാജ്യത്തെ മറ്റു മുന്‍നിര റെയില്‍വേ സ്റ്റേഷനുകളെ പിന്തള്ളി കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തിയത്. ദില്ലിയിലെ ഹസ്രത്ത് നിസാമൂദ്ദീനാണ് ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്‌റ്റേഷനായി സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. 

കോഴിക്കോടിനെ കൂടാതെ ഹൂബ്ലി, ദേവാംഗരെ(കര്‍ണാടക),ധന്‍ബാദ് ജംഗക്ഷന്‍(ജാര്‍ഖണ്ഡ്), ജബല്‍പുര്‍ (മധ്യപ്രദേശ്), ബിലാസ്പുര്‍(ചത്തീസ്ഗണ്ഡ്).വഡോദര,രാജ്‌കോട്ട് (ഗുജറാത്ത്), ഫല്‍ന(രാജസ്ഥാന്‍), എന്നീ സ്റ്റേഷനുകളും ശുചിത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്റ്റേഷനുകളായി സര്‍വേയില്‍ യാത്രക്കാര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിഹീനമായ സ്‌റ്റേഷനുകളുടെ പട്ടികയിലാണുള്ളത്. ഉത്തര്‍പ്രദേശിലെ മഥുര, രാജസ്ഥാനിലെ അജ്മീര്‍, ബീഹാറിലെ ഗയാ എന്നീ സ്റ്റേഷനുകളും വൃത്തിഹീനമായ സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്.