കോഴിക്കോട് തോക്ക് ചൂണ്ടി കവര്‍ച്ച; നഷ്ടമായത് 1,08000 രൂപ
കോഴിക്കോട്: കുന്ദമംഗലത്ത് പെട്രോൾ പന്പിൽ നിന്ന് തോക്കു ചൂണ്ടി പണം കവർന്നു. ഒരു ലക്ഷത്തി എണ്ണായിരം രൂപയാണ് നഷ്ടമായത്. മുഖംമൂടി ധരിച്ചെത്തിയ ഹിന്ദി സംസാരിക്കുന്ന യുവാവാണ് പണം കവർന്നതെന്ന് പന്പുടമ പറഞ്ഞു.കുന്ദമംഗലം കട്ടാങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ജീവനക്കാർ പമ്പ് അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് മുഖം മൂടി ധരിച്ച യുവാവെത്തി തോക്ക് ചൂണ്ടിയത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു.എന്നാൽ ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.
അന്വേഷണസംഘം കുന്ദമംഗലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിൽ പരിശോധന തുടരുകയാണ്.
