തിരുവനന്തപുരം: കെ.പി.സി.സി തയ്യാറാക്കിയ അംഗങ്ങളുടെ നിലവില്‍ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കാനാകില്ലെന്ന് എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചു. ആവശ്യമെങ്കില്‍ പട്ടിക വിപുലപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. കേരളത്തിലെ പട്ടിക എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസനിക്കിന്റെ പരിഗണനയിലാണ്.
282 പേരുള്‍പ്പെട്ട അംഗങ്ങളുടെ പട്ടികയാണ് ഹൈക്കമാന്റ് നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതിക്ക് കെ.,പി.സി.സി കൈമാറിയത്. പട്ടികക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി വരുത്തിയിരുന്നു. അതിന് ശേഷം ഹൈക്കമാന്റിന്റെ അംഗീകാരത്തിന് അയച്ച പട്ടിക കേരളത്തിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസനിക്കിന്റെ പരിഗണനയിലാണ്.
എ.കെ.ആന്റണിയുമായി ചര്‍ച്ച ചെയ്ത് പട്ടികക്ക് അന്തിമരൂപം നല്‍കാനാണ് രാഹുല്‍ ഗാന്ധി മുകുള്‍ വാസനികിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. ഇതിനിടെയാണ് നിലവിലെ പട്ടികയില്‍ മാറ്റംവരുത്താനാകില്ലെന്ന് എ-ഐഗ്രൂപ്പുകള്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പ്രവര്‍ത്തന മികവും സാമുദായിക പരിഗണനകളും മുന്‍നിര്‍ത്തിയാണ് നിലവിലെ പട്ടികക്ക് രൂപം നല്‍കിയത്.
ഇതില്‍ മാറ്റംവരുത്തിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഗ്രൂപ്പുകളുടെ അഭിപ്രായം. വനിതകളുടെയും യുവാക്കളുടെയും എണ്ണംകൂട്ടണമെങ്കില്‍ നിലവിലെ പട്ടിക വിപുലപ്പെടുത്താവുന്നതാണ്. അത് ഹൈക്കമാന്റ് തീരുമാനിക്കണമെന്നും എ-ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. ഒരാഴ്ചക്കുള്ളില്‍ കേരളത്തിന്റെ പട്ടികക്ക് അന്തിമരൂപം ആകും എന്നാണ് ഹൈക്കമാന്റ് നല്‍കുന്ന സൂചന. മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളെ തീരുമാനിച്ചുകഴിഞ്ഞിട്ടും കേരളത്തിന്റെ കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വം തുടരുന്നത്.
