തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് കെ പി സി സി നേതൃത്വം രംഗത്തെത്തി. അറസ്റ്റ് ചെയ്തതില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും നേതൃത്വത്തില്‍ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായാണ് എം വിന്‍സെന്റ് എംഎല്‍എയെ കേസില്‍ കുടുക്കിയതും അറസ്റ്റ് ചെയ്തതും. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ എംഎല്‍എ സ്ഥാനം എം വിന്‍സെന്റ് രാജിവെക്കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു. അതേസമയം എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും എം വിന്‍സെന്റ് എംഎല്‍എയെ ഒഴിവാക്കിയതായി ഹസന്‍ പറഞ്ഞു. കെ പി സി സി സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ എംഎല്‍എയ്‌ക്ക് എതിരായ നടപടി നിലനില്‍ക്കുമെന്ന് ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.