നേരത്തെ വിചാരണക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും കേസ് നടന്നപ്പോള്‍ അന്ന് കേസ് വാദിച്ചിരുന്ന അഡ്വ. സുരേശന്റെ നേതൃത്വത്തില്‍ കൃത്യമായ തെളിവ് ഹാജരാക്കിയിരുന്നു. എന്നാല്‍ പിന്നീട് സുപ്രീം കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകര്‍ അന്വേഷണ സംഘത്തോടും അഡ്വ. സുരേശനോടും ചര്‍ച്ച നടത്തണമായിരുന്നു. അതിന് സര്‍ക്കാര്‍ അവസരം നല്‍കണമായിരുന്നു. പഴുതടച്ച് സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതില്‍ സര്‍ക്കാറിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും വിഴ്ച സംഭവിച്ചു.

ഏറ്റവുമൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കേസ് പരിഗണിക്കവെ പ്രതി, സൗമ്യയെ കൊന്നു എന്നതിന് തെളിവ് എന്തുണ്ടെന്ന ചോദ്യം കോടതി ചോദിച്ചപ്പോള്‍ കൂടുതല്‍കാര്യങ്ങള്‍ പറയാനുണ്ടെന്നോ കേസ് ഒന്നുകൂടി പഠിക്കാന്‍ സമയം തരണമെന്നോ സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടില്ല. ഇത് അതിഗുരുതരമായ വീഴ്ചയാണ്. ക്രൂരമായ കൊലപാതകത്തിന് നിസ്സാരമായ ശിക്ഷ മാത്രം നല്‍കുന്നത് വളരെ തെറ്റായ സന്ദേശം നല്‍കും. എന്തും ചെയ്യാന്‍ ക്രിമിനലുകള്‍ക്കുള്ള ലൈസന്‍സായി വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ ഏതെങ്കിലും സാധ്യതകള്‍ ഇനി ബാക്കിയുണ്ടോ എന്ന് പരിശോധിച്ച് അത് പ്രയോജനപ്പെടുത്തി വീണ്ടു നീതി തേടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.