ന്യൂഡല്‍ഹി: കെപിസിസിയിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വി എം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റില്ല. സംഘടാനതെരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹികളെ മാറ്റി പാർട്ടിയെ പുനസംഘടിപ്പിക്കാനും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലിയില്‍ നടന്ന യോഗത്തിൽ തീരുമാനിച്ചു

സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സംഘടനാതെരഞ്ഞെടുപ്പല്ലാതെ മറ്റ് വഴിയില്ലെന്ന കേരളത്തിലെ നേതാക്കളുടെ നിർദ്ദേശം രാഹുൽഗാന്ധി അംഗീകരിക്കുകയായിരുന്നു. ഒരു വ‌ർഷം കൊണ്ട് സംഘടനാതെരഞ്ഞെടുപ്പ് പൂർത്തിയാക്കാണ് തീരുമാനം .സംഘടനാതെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി പുനസംഘടിപ്പിക്കും. ഇത് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. പുനസംഘടന നടത്താൻ പ്രത്യേകകമ്മിറ്റിയെ ചുമതലപ്പെടുത്താനും രാഹുൽഗാന്ധി കേരളനേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

സംഘടാനാതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനാണ് പാർട്ടി പുനസംഘടിപ്പിക്കുന്നതെന്നാണ് ഹൈക്കമാൻഡിന്റെ വിശദീകരണം. എന്നാൽ കെപിസിസി തലപ്പത്ത് ഉടൻ മാറ്റം വേണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല. 1991 നു ശേഷം ആദ്യമായിട്ടാണ് പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടക്കാനൊരുങ്ങുന്നത്.