അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിർത്തിയാലും കൊണ്‍ഗ്രസിൽ നിന്നു വേറെ ഒരിടത്തും പോകില്ലെന്നും കെ  സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

കണ്ണൂര്‍: ബിജെപിയിലേക്ക് ക്ഷണിക്കാൻ ആർഎസ്എസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍. താന്‍ ബിജെപിയിലേക്ക് പോവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കും സുധാകരന്‍ മറുപടി നല്‍കി. മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നായിരുന്നു പ്രതികരണം.

ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസുകാര്‍ വന്ന് കണ്ടിരുന്നു. അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിർത്തിയാലും കൊണ്‍ഗ്രസിൽ നിന്നു വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ചു പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ശബരിമലയിൽ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. വോട്ട് ലക്ഷ്യമാക്കിയുള്ള മുതലെടുപ്പ് ആണ് അവിടെ നടക്കുന്നത്. ബിജെപി പ്രചരിപ്പിക്കുന്നതെല്ലാം പച്ച നുണയാണ്. ഏകീകൃത സിവില്‍ കോഡാണ് അവരുടെ ലക്ഷ്യം എന്നും സുധാകരന്‍ പറഞ്ഞു. തന്ത്രിമാരാണ് വിശ്വാസത്തിന്റെ പരമാധികൾ. തന്ത്രി വിളിച്ചു എന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള പറഞ്ഞത് മേനി നടിക്കലാണെന്നും സുധാകരന്‍ പരിഹസിച്ചു.