ബംഗലുരു: കാവേരി തര്‍ക്കവുമായി ഉണ്ടായ കലാപത്തില്‍ 42 തമിഴ്‌നാട് ബസുകള്‍ അഗ്നിക്കിരയാക്കിയത് 22 കാരിയാണെന്ന് സംശയം. സി ഭാഗ്യ എന്ന യുവതിക്ക് നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 100 രൂപയുടെ ഒരു പ്‌ളേറ്റ് ബിരിയാണി വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കള്‍ ഇവരെ സമരത്തിന്‍റെ ഭാഗമാക്കിയതെന്നും അറസ്റ്റിലായ 11 അംഗ സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയായിരുന്നു കാവേരി പ്രശ്‌നത്തില്‍ കെപിഎന്‍ ട്രാവല്‍സിന്‍റെ 42 ബസുകള്‍ അഗ്നിക്കിരയാക്കിയത്. 

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി ഡീസല്‍ ഒഴിക്കുകയും കത്തിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു എന്ന ആരോപണം ഉയര്‍ത്തിയാണ് ഭാഗ്യ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമം നടത്താന്‍ ലക്ഷ്യമിട്ടുള്ളവരുടെ ഏജന്‍റായിരുന്നു ഭാഗ്യ എന്ന വിലയിരുത്തലിലാണ് പോലീസ് സംഘം. 

പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ വേണ്ടി തന്‍റെ മകള്‍ക്ക് സുഹൃത്തുക്കള്‍ 100 രൂപയുടെ മട്ടണ്‍ ബിരിയാണി വാഗ്ദാനം ചെയ്തിരുന്നതായി ഇവരുടെ മാതാവ് യെല്ലമ്മ വ്യക്തമാക്കിയിട്ടുണ്ട്. ബസുകള്‍ അഗ്നിക്കിരയാക്കിയ കെപിഎന്‍ ഗ്യാരേജിന് സമീപം ഗിരിനഗറില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഭാഗ്യ കഴിയുന്നത്. 

കൂലിപ്പണിക്കാരിയായി ജോലി ചെയ്യുന്ന ഭാഗ്യ പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചിലര്‍ ഉച്ചയ്ക്ക് തേടിവരികയും പ്രതിഷേധത്തില്‍ പങ്കാളിയാകുന്നതിന് 100 രൂപയുടെ ബിരിയാണി വാഗ്ദാനം ചെയ്തതായും മാതാവ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ മറ്റ് സ്ത്രീകളെയും കാണുന്നുണ്ട്.