കെ.ആര്‍ ഗൗരിയമ്മയുടെ ജീവിതത്തില്‍ ആരും അറിയാത്ത ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി കെ.അജിത. ഗൗരിയമ്മ രണ്ടു തവണ ഗര്‍ഭിണിയായിരുന്നുവെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും പാര്‍ട്ടി ഒഴിവ് നല്‍കാതിരുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു എന്നുമാണ് അജിതയുടെ വെളിപ്പെടുത്തല്‍.
ഇക്കാര്യം ഗൗരിയമ്മയാണ് തന്നോട് പറഞ്ഞതെന്നും അജിത പറയുന്നു. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന ആത്മകഥയുടെ രണ്ടാം ഭാഗമായ ഓര്‍മ്മകളിലെ തീനാളങ്ങളിലാണ് അജിതയുടെ ഈ വെളിപ്പെടുത്തല്‍. എന്റെ ഗൗരിയമ്മ പരീക്ഷണം എന്നാണ് ഈ ആഴ്ചയിലെ കുറിപ്പിന് പേരിട്ടിരിക്കുന്നത്.
ഗൗരിയമ്മ അവരുടെ ജീവചരിത്രത്തിന്‍റെ കുറച്ചുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ കുറച്ചുലക്കങ്ങള്‍ എനിക്ക് തന്നു. ഒരു ദിവസം കാറിലിരുന്നുകൊണ്ട് ഗൗരിയമ്മയോട് ഞാനൊരു ചോദ്യം ചോദിച്ചു. ഒരിക്കലെങ്കിലും ഗൗരിയമ്മ ഗര്‍ഭം ധരിച്ചിരുന്നില്ലേ എന്ന്. അതിന് അവര്‍ തന്ന മറുപടി ഇന്നും എന്നെ വേദനിപ്പിക്കുന്നു.
രണ്ടുതവണ താന്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഈ ശാരീരിക സ്ഥിതി പരിഗണിച്ച് കുറച്ചുസമയമെങ്കിലും അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും അക്കാരണത്താല്‍ അതു രണ്ടും അലസിപ്പോയി എന്നുമാണ് അവര്‍ പറഞ്ഞത്. ഇന്ന് ഒരുപക്ഷേ, എന്നോട് പറഞ്ഞ ഈ രഹസ്യം അവര്‍ നിഷേധിച്ചേക്കാമെന്നും അജിതയുടെ പറയുന്നു.
മറ്റൊരു ചരിത്രവും കൂടി ഇതോടൊപ്പം അജിത പറഞ്ഞുവെക്കുന്നു. 1987ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ ഗൗരിയമ്മയെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചരണം നടത്തി അവസാനം ജയിച്ചപ്പോള്‍ ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം.
