Asianet News MalayalamAsianet News Malayalam

'പോ മോനേ ബാല – രാമാ'; തരത്തില്‍പ്പെട്ടവര്‍ക്ക് ലെെക്കടിക്കൂ എന്ന് കെ ആര്‍ മീര

വാഴത്തടിയുമായി നടക്കുന്നവര്‍ക്കും കയ്യേറ്റം ചെയ്യുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നിലും സാഹിത്യ നായികമാര്‍ക്ക് രണ്ട് വഴികളും മീര മുന്നോട്ട് വെയ്ക്കുന്നുണ്ട്

kr meera fb post regarding attacks against cultural leaders
Author
Thiruvananthapuram, First Published Feb 23, 2019, 10:40 PM IST

തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് നടക്കുന്ന സംഘടിത അക്രമങ്ങള്‍ക്കെതിരെ പ്രതികരണവുമായി കെ ആര്‍ മീര. എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍ ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല, ഒരു ഹിന്ദു ഐക്യവേദിയും എസ്ഡിപിഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല, സിപിഎമ്മും സിപിഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല, കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ലെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

എന്നും വീണ് പോകാതെ താങ്ങി നിര്‍ത്താന്‍ വായനക്കാര്‍ മാത്രമേയുണ്ടാവുകയുള്ളുവെന്നും ശക്തി പകരുവാന്‍ അവര്‍ താങ്ങി നിര്‍ത്തുകയും ചെയ്യും. വാഴത്തടിയുമായി നടക്കുന്നവര്‍ക്കും കയ്യേറ്റം ചെയ്യുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നിലും സാഹിത്യ നായികമാര്‍ക്ക് രണ്ട് വഴികളും മീര മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഒന്നെങ്കില്‍ മിണ്ടാതിരിക്കണമെന്നും അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടണമെന്നും മീര കുറിച്ചു.

കെ ആര്‍ മീരയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍ 
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക–

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് 
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

–അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,‌

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട് 
പോ മോനേ ബാല – രാമാ, 
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

 

Follow Us:
Download App:
  • android
  • ios